കേരളത്തിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ വാഹനവ്യൂഹത്തിൻ്റെ ഭാഗമായിരുന്ന രണ്ട് പൊലീസ് വാഹനങ്ങൾ നിയമം തെറ്റിച്ചതിന് ട്രാഫിക് പിഴ അടക്കാത്തവയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പരാതി
തിരുവനന്തപുരം: കേരളത്തിൽ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ യാത്രയ്ക്ക് ഒരുക്കിയ രണ്ട് പൊലീസ് വാഹനങ്ങൾ ട്രാഫിക് പിഴ അടയ്ക്കാത്തവയെന്ന് പരാതി. പമ്പയ്ക്ക് പോയ വാഹനത്തിന് 2023 മുതൽ അഞ്ച് പിഴകളുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് യാത്രയ്ക്ക് ഉപയോഗിച്ച വാഹനത്തിനുള്ളത് രണ്ടു പിഴകളാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളം ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് പരാതി നൽകിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലുള്ളതാണ് വാഹനങ്ങൾ. സാധാരണക്കാരെ പിടികൂടുന്ന പൊലീസ് തന്നെ നിയമം ലംഘിക്കുന്നു എന്നും പരാതിയിൽ റെജോ വള്ളംകുളം ആരോപിക്കുന്നു.
രാഷ്ട്രപതി മടങ്ങി
നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ, ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി വി. എൻ.വാസവൻ എന്നിവരുടെ നേതൃത്ത്വത്തിൽ വി മാനത്താവളത്തിൽ രാഷ്ട്രപതിക്ക് യാത്ര അയപ്പ് നൽകി. ബെന്നി ബെഹനാൻ എം. പി, അൻവർ സാദത്ത് എംഎൽഎ, പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ ബിജു, ജില്ലാ കളക്ടർ ജി പ്രിയങ്ക, ജില്ലാ പോലീസ് മേധാവി( എറണാകുളം റൂറൽ) എം. ഹേമലത, സി ഒ 21 (കെ) എൻ.സി.സി ബറ്റാലിയൻ കൊച്ചിൻ കേണൽ. എൻ എബ്രഹാം, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം. എസ് ഹരികൃഷ്ണൻ എന്നിവർ യാത്ര അയക്കാൻ എത്തിയിരുന്നു.


