Asianet News MalayalamAsianet News Malayalam

വിസ്‍മയയുടെ മരണം;പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും,ഭര്‍ത്താവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും

ഗാർഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന. വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പൊലീസിന് ലഭിക്കും. 

police will get deceased vismaya autopsy report
Author
Kollam, First Published Jun 22, 2021, 7:07 AM IST

കൊല്ലം: പോരുവഴിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന്‍റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെ രാത്രിയോടെയാണ് കിരൺകുമാർ ശൂരനാട് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഗാർഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന. വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പൊലീസിന് ലഭിക്കും. വിസ്മയയുടെ നിലമേലിലെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന് സന്ദർശനം നടത്തും.

നിലമേല്‍ സ്വദേശിനിയായ വിസ്മയ (24) പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചെന്ന വിവരം ഇന്നലെ പുലര്‍ച്ചെയാണ് വീട്ടുകാര്‍ അറിയുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനത്തിന്‍റെ പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാത്രിയും മര്‍ദനമുണ്ടായി. ഈ മര്‍ദനത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ വിസ്മയ മരിച്ചെന്ന വിവരം കുടുംബം അറിഞ്ഞത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു  വിസ്മയയും കിരണ്‍കുമാറുമായുളള വിവാഹം. 100 പവന്‍ സ്വര്‍ണവും, ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും വിസ്മയയ്ക്ക് സ്ത്രീധനമായി നല്‍കിയിരുന്നു. ഇതിനൊപ്പം നല്‍കിയ കാറിന്‍റെ മൂല്യം കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു പീഡനം. വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ കൊല്ലം റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിശദമായ അന്വേഷണത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് നിലപാട്.
 

Follow Us:
Download App:
  • android
  • ios