റഫീക്ക് ബൈക്കിൽ നിന്ന് ഇറങ്ങുമ്പോഴേക്കും അനസിനെ സഹോദരന്‍ അടിച്ച് വീഴ്ത്തിയിരുന്നു.  

പാലക്കാട്: പാലക്കാട് നഗരത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടെ പൊലീസ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല. റഫീക്കിന്‍റെ സഹോദരന്‍ ഫിറോസാണ് അനസിനെ അടിച്ചത്. എന്നാല്‍ സംഭവം നടന്നത് റഫീക്കിൻ്റെ അറിവോടെയല്ലെന്നാണ് പൊലീസ് നിഗമനം. റഫീക്ക് ബൈക്കിൽ നിന്ന് ഇറങ്ങുമ്പോഴേക്കും അനസിനെ സഹോദരന്‍ അടിച്ച് വീഴ്ത്തിയിരുന്നു. ഫിറോസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. 

ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. പാലക്കാട് വിക്ടോറിയ കോളേജ് ലേഡീസ് ഹോസ്റ്റലിന് സമീപത്ത് മാനസിക വെല്ലുവിളി നേരിടുന്ന അനസും സഹോദരങ്ങളായ ഫിറോസും റഫീക്കും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പിന്നീട് വിക്ടോറിയ കോളേജിന് മുന്നിലേക്ക് ബൈക്കിൽ പൊലീസ് ഉദ്യോഗസ്ഥനായ റഫീക്കും ഫിറോസുമെത്തി. ബൈക്കിൻ്റെ പിറകിലിരുന്ന ഫിറോസ് ബാറ്റുമായി ചാടിയിറങ്ങി അനസിനെ രണ്ടുവട്ടം അടിച്ചു. 

രണ്ടാമത്തെ അടി കൊണ്ടത് അനസിൻ്റെ തലയ്ക്കാണ്. അടി കൊണ്ടയുടൻ അനസ് നിലത്ത് വീണു. പരിക്കേറ്റ അനസിനെ ഇരുവരും തന്നെയാണ് ഓട്ടോറിക്ഷയിൽ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചത്. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. റഫീക്കിനൊപ്പം ബൈക്കിലെത്തിയ ഫിറോസ് അനസിനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു.