ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജനെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം സംസാരിക്കാനാണ് ഫോണില്‍ പലവട്ടം ബന്ധപ്പെട്ടതെന്നുമായിരുന്നു ബിജെപി സംസ്ഥാന സംഘടന സെക്രട്ടറിയുട മൊഴി. 

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസില്‍ ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ് കുമാറിൻ്റെ മൊഴിയെടുക്കും. നാളെ പൊലീസ് ക്ലബിൽ ഹാജരാകാന്‍ അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കി. കൊടകര കേസിൽ കവര്‍ച്ചാ പണം ബിജെപിയുടേത് തന്നെ എന്ന് സ്ഥീരീകരിക്കുന്ന നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജനെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം സംസാരിക്കാനാണ് ഫോണില്‍ പലവട്ടം ബന്ധപ്പെട്ടതെന്നുമായിരുന്നു ബിജെപി സംസ്ഥാന സംഘടന സെക്രട്ടറിയുടെ മൊഴി. എന്നാല്‍ ധര്‍മ്മരാജന് ബിജെപിയില്‍ യാതൊരു പദവികളുമില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് ചുമതലകളും ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

തെരഞ്ഞെടുപ്പ് സാമാഗ്രികളുമായല്ല ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിയത്. ധർമ്മരാജനെ നേതാക്കള്‍ ഫോണിൽ ബന്ധപ്പെട്ടത് സംഘടനാ കാര്യകൾ സംസാരിക്കാനല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. പണം കൊണ്ടുവന്നത് ബിജെപി തൃശ്ശൂര്‍ ജില്ലാ ട്രഷററെ ഏല്‍പ്പിക്കാനായിരുന്നു എന്നാണ് ധര്‍മ്മരാജന്‍റെ മൊഴി. ഇതോടെ നേതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. കവര്‍ച്ചയുണ്ടായ ദിവസവും തുടര്‍ദിവസങ്ങളിലും ധര്‍മ്മരാജനെ ഫോണില്‍ ബന്ധപ്പെട്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കി വരികയാണ്. ബിജെപിയിലെ ഏറ്റവും പ്രമുഖനായ നേതാവും ധര്‍മ്മരാജനും ഏപ്രില്‍ 3, 4 ദിവസങ്ങില്‍ 22 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.