അങ്കക്കോഴിയുടെ കാലിലെ വാള്‍ കൊണ്ട് പൊലീസുകാരന് പരിക്ക് സംഭവം  മഞ്ചേശ്വരം വോര്‍ക്കാടി മജീര്‍പള്ളം ധര്‍മനഗറില്‍ 

മഞ്ചേശ്വരം: കോഴിയങ്കം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസുകാരന് അങ്കക്കോഴിയുടെ കാലിലെ വാള്‍ കൊണ്ട് പരിക്ക്. ഞരമ്പ് മുറിഞ്ഞ് സാരമായി പരിക്കേറ്റ കണ്ണൂര്‍ കെഎപി ബറ്റാലിയനിലെ പൊലീസുകാരനായ കെപി സനന്‍ നാരായണനാണനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദിനൂര്‍ നടക്കാവ് സ്വദേശിയാണ് ഇദ്ദേഹം. വോര്‍ക്കാടി മജീര്‍പള്ളം ധര്‍മനഗറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 

കോഴിക്കെട്ട് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എസ്ഐ എന്‍പി രാഘവന്‍റെ നേതൃത്വത്തില്‍ ആറ് പൊലീസുകാര്‍ സംഭവ സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടയുടന്‍ മത്സരം നടത്തിയവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഏഴ് പേരെ പൊലീസ് പിടികൂടി. എന്നാല്‍ കളത്തിലെ കോഴിയെ സനന്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കാലിലുണ്ടായിരുന്ന വാള്‍ തട്ടി മുറിവേല്‍ക്കുകയായിരുന്നു. കൈപ്പത്തി മുതല്‍ കൈമുട്ടുവരെയുള്ള ഭാഗത്ത് സനന് പരിക്കേറ്റു. മൂര്‍ച്ച കൂടിയ ബ്ലേഡുകളാണ് മത്സരത്തിനായി ഇവര്‍ കോഴികളുടെ കാലില്‍ കെട്ടിവയ്ക്കുന്നത്.