രാജ് കുമാറിന്‍റെ ഹരിതാ ഫിനാൻസിന് , സിപിഎം നേതാവ് ഗോപകൃഷ്ണൻ പ്രസിഡന്‍റായ പട്ടംകോളനി സർവ്വീസ് സഹകരണ ബാങ്ക് അനധികൃതമായി അക്കൗണ്ട് അനുവദിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം.
നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കോൺഗ്രസ് സിപിഎം ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. സിപിഎം നേതാവായ ഗോപകൃഷ്ണനാണ് രാജ് കുമാറിന്‍റെ സാമ്പത്തിക തട്ടിപ്പിന് ഒത്താശ ചെയ്തതെന്നാണ് കോൺഗ്രസ് ആരോപണം. അതേസമയം തനിക്കെതിരെ കോൺഗ്രസ് വ്യക്തിഹത്യ നടത്തുന്നുവെന്നും മാനനഷ്ട്ക്കേസ് കൊടുക്കുമെന്നാണ് ഗോപകൃഷ്ണന്റെ മറുപടി.
രാജ് കുമാറിന്‍റെ ഹരിതാ ഫിനാൻസിന് , സിപിഎം നേതാവ് ഗോപകൃഷ്ണൻ പ്രസിഡന്‍റായ പട്ടംകോളനി സർവ്വീസ് സഹകരണ ബാങ്ക് അനധികൃതമായി അക്കൗണ്ട് അനുവദിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം. പിടി തോമസ് എംഎൽഎ നിയസഭയിൽ പോലും ഇത് ഉന്നയിക്കുകയും ചെയ്തു. നിക്ഷേപകർക്ക് കൊടുത്ത ചെക്കുകളെല്ലാം ഈ ബാങ്കിൽ നിന്നായിരുന്നുവെന്നും, ഹരിതാ ഫിനാൻസ് ഉദ്ഘാടനം ചെയ്തത് പോലും ഗോപകൃഷ്ണനെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
രാജ് കുമാറിന്‍റെ കസ്റ്റഡി മരണത്തിലേക്ക് സിപിഎമ്മിനെ കോണ്‍ഗ്രസ് കൂട്ടിക്കെട്ടുന്ന പ്രധാന കണ്ണിയും ഗോപകൃഷ്ണനാണ്. അതേസമയം ആരോപണം തെളിയിക്കാൻ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയാണ് ഗോപകൃഷ്ണൻ. രാജ് കുമാറിന് ബാങ്കിൽ അക്കൗണ്ടില്ല. കേസിലെ മറ്റ് പ്രതികളായ മഞ്ജുവിനും ശാലിനിക്കും അക്കൗണ്ട് അനുവദിച്ചത് നിയമപരമായെന്നും , ഈ അക്കൗണ്ട് വഴി ഇടപാടുകൾ നടന്നിട്ടില്ലെന്നും ഗോപകൃഷണൻ പറയുന്നു.
