പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐ കുറ്റപ്പെടുത്തി. സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി.

തൃശൂര്‍: ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര്. മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി തുറന്നടിച്ചു. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐ കുറ്റപ്പെടുത്തി. സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി.

അരിവണ്ടിയോടിത്തുടങ്ങിയതോടെ രൂപപ്പെട്ട വരിയിലാണ് മൂന്ന് മുന്നണികളുടെയും കണ്ണ്. അരിയിറക്കി വോട്ടുനേടാനുള്ള ബിജെപിയുടെ തന്ത്രം തൃശൂരില്‍ വേവില്ലെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു. സമരാഗ്നി ജാഥ കടന്നു പോകുന്നതിന് പിന്നാലെ ടി എന്‍ പ്രതാപന്‍ മണ്ഡലം മുഴുവന്‍ സ്നേഹ സന്ദേശ യാത്രയുമായി ഇറങ്ങും. ഇടത് മുന്നണിയുടെ വി എസ് സുനില്‍ കുമാറും പൊതു പരിപാടികളില്‍ സജീവമായുണ്ട്. പൊതു വിതരണ സമ്പ്രദായത്തെ തകര്‍ക്കലാണ് ബിജെപിയുടെ ഉന്നമെന്ന് സുനില്‍ കുമാര്‍ ആരോപിക്കുന്നു. 

അതേസമയം, രാജ്യത്താകെ നടപ്പാക്കുന്ന പദ്ധതിയില്‍ രാഷ്ട്രീയം കാണുന്നത് പ്രതിപക്ഷത്തിന്‍റെ ദോഷമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. കേരളത്തിലെല്ലായിടത്തും എത്തുന്നില്ലെങ്കിലും ദിവസവും നാല് വണ്ടികളിലായി അറുനൂറ് കിലോ അരി തൃശൂരില്‍ എത്തുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരിയും തിളച്ചു തൂവും.