തൊടുപുഴ രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണങ്ങളാണ് കൊവിഡിനേക്കാള്‍ തളര്‍ത്തിയതെന്നാണ് രോഗമുക്തനായ ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ എ പി ഉസ്മാന്‍. താനുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലാത്ത അയല്‍ക്കാരെ പോലും ഇതിന്റെ പേരില്‍ ചിലര്‍ ഒറ്റപ്പെടുത്തി. തന്നെ വിശ്വാസമുള്ളവരുടെ പ്രാര്‍ത്ഥനയാണ് ശക്തമായി തിരിച്ചുവരാന്‍ തുണയായതെന്നും ഉസ്മാന്‍ പറയുന്നു.

മാര്‍ച്ച് 26നാണ് ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനായ എ.പി ഉസ്മാന് കൊവിഡ് സ്ഥിരീകരിക്കുന്നത്. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ അങ്ങോളം ഇങ്ങോളം സഞ്ചരിക്കുന്ന ആളായിരുന്നു ഉസ്മാന്‍. എന്നാല്‍ രോഗം ബാധിച്ചതെവിടെ നിന്ന് അറിയില്ല. സ്രവം ശേഖരിച്ച അന്ന് തന്നെ നിരീക്ഷണത്തില്‍ പോയി. എന്നിട്ടും പൊതുപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് മുഖ്യമന്ത്രി പരസ്യമായി കുറ്റപ്പെടുത്തി. പിന്നാലെ രാഷ്ട്രീയ എതിരാളികളുടെ സൈബര്‍ ആക്രമണവുമുണ്ടായി. 

തന്റെ പേരില്‍ അയല്‍ക്കാരേയും സഹപ്രവര്‍ത്തകരെയും ദ്രോഹിച്ചു. ഒത്തിരി അനുഭവിച്ചെങ്കിലും ആരോടും പരിഭവം ഇല്ല. കൊവിഡ്  പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയാണ് ഇതിനൊക്കെ മറുപടി നല്‍കുന്നത്-ഉസ്മാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.