Asianet News MalayalamAsianet News Malayalam

ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന് വിട; കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ അനുശോച‍ിച്ച് കേരളം

അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെ ഇന്ന് പുലർച്ചെ 2.35 നാണ് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ കാലം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ സ്ഥിതി മോശമായിരുന്ന ബാവയുടെ ചികിത്സ വെന്‍റിലേറ്ററിലായിരുന്നു തുടർന്നിരുന്നത്.

political leaders condole demise of orthodox church head baselios marthoma paulose
Author
Ernakulam, First Published Jul 12, 2021, 7:29 AM IST

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രീയ സാമൂഹിക രം​ഗത്തെ പ്രമുഖര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍മന്ത്രി മാത്യു ടി തോമസ്, എംഎല്‍എ പി ജെ ജോസഫ്, ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള, മന്ത്രി വി എന്‍ വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍, ഉമ്മന്‍ ചാണ്ടി, ഗായിക കെ എസ് ചിത്ര എന്നിവര്‍ അനുശോചിച്ചു.

സമൂഹവുമായി നല്ല ബന്ധം പുലര്‍ത്തിയ മതേതര നിലപാടുള്ള വ്യക്തിയായിരുന്നു കാതോലിക്കാ ബാവയെന്ന് സതീശന്‍ പറഞ്ഞു. സ്നേഹത്തോടെ ഇടപെടുന്ന യഥാര്‍ത്ഥ ക്രൈസ്തവ ദര്‍ശനം എല്ലാവരുടേയും മനസില്‍ എത്തിക്കാന്‍ ശ്രമിച്ച വ്യക്തി കൂടിയായിരുന്നു കാതോലിക്കാ ബാവയെന്നും സതീശന്‍ പറഞ്ഞു. ആധ്യാത്മികതയില്‍ അടിയുറച്ച് ക്രിസ്തുവിന് സാക്ഷ്യം നല്‍കിയ മഹോന്നത വ്യക്തിയായിരുന്നു കാതോലിക്കാ ബാവയെന്നായിരുന്നു പി ജെ ജോസഫിന്‍റെ അനുസ്മരണം. സഭയ്ക്ക് വലിയ നേതൃത്വമാണ് അദ്ദേഹം നല്‍കിയത്. എല്ലാവര്‍ക്കും സ്വീകാര്യനായ പിതാവായിരുന്നു അദ്ദേഹമെന്നും പി ജെ ജോസഫ് പറഞ്ഞു.

സൗമ്യശീനലായ വ്യക്തിയായിരുന്നു ബാവയെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ അനുസ്‍മരണം. മാനവികതയില്‍ ഊന്നി നിന്നുകൊണ്ട് സഭയെ നയിക്കാന്‍ ബാവ ശ്രമിച്ചിരുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.  കാതോലിക്കാ ബാവാ സ്ഥാനോരോഹണം ചെയ്ത് ചുമതല ഏല്‍ക്കുന്ന സന്ദര്‍ഭം മുതല്‍ നല്ല സൗഹൃദം പങ്കിടാന്‍ സാധിച്ചതായി മന്ത്രി വി എന്‍ വാസവന്‍ ഓര്‍മ്മിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ബാവ നിരന്തരം ഇടപെട്ടിരുന്നതായും മന്ത്രി പറഞ്ഞു. 

പാവപ്പെട്ടവർക്ക് വേണ്ടി സാധാരണക്കാർക്ക് വേണ്ടി കാതോലിക്കാ ബാവ ചെയ്ത കാര്യങ്ങൾ അനുസ്മരിക്കുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു. സമുദായ സാഹോദര്യം പുലര്‍ത്തിയ വ്യക്തിയായിരുന്നു കാതോലിക്കാ ബാവയെന്ന് പി കെ കുഞ്ഞാലിക്കുട്ടി അനുസ്‍മരിച്ചു.

അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെ ഇന്ന് പുലർച്ചെ 2.35 നാണ് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ കാലം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ സ്ഥിതി മോശമായിരുന്ന ബാവയുടെ ചികിത്സ വെന്‍റിലേറ്ററിലായിരുന്നു തുടർന്നിരുന്നത്. മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ വൈകിട്ട് 3ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios