നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാർ.
ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തങ്ങൾക്കെതിരെയുള്ള കേസ് രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ളതാണെന്നും കേസിന് പിന്നിൽ രാഷ്ട്രീയ-വ്യക്തി വിരോധമാണെന്നും ഗൺമാൻമാർ കോടതിയെ ബോധിപ്പിച്ചു.

മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് വരികയും വാഹനത്തിൽ ഇടിക്കുകയും ചെയ്തു. ഇസ്സെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇടപെട്ടത്. നടന്നത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. ആദ്യ അന്വേഷണ റിപ്പോർട്ടിലും തങ്ങൾ ചെയ്തത് ഔദ്യോഗിക കൃത്യനിർവഹണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങൾക്ക് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ല. ഔദ്യോഗിക ജീവിതം തകർക്കാനും പൊതുസമൂഹത്തിൽ അപമാനിതരാക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. കേസിൽ ഒളിവിൽ പോകുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യില്ല. അറസ്റ്റ് ചെയ്താൽ അക്രമിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് മുൻകൂർ ജാമ്യഹർജിയിലെ പരാമർശം.


