മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ ആരും അപമാനിക്കുകയോ കയ്യേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് പൊന്നാനിയിലെ ഹോട്ടലുടമ. ഹോട്ടലിൽ വച്ച്  ഒന്നും സംഭവിച്ചിട്ടില്ല. ഹോട്ടലിനു പുറത്ത് വച്ചും ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിയില്ല. പരാതി അറിഞ്ഞത് രാവിലെയാണെന്നും ഹോട്ടലുടമ ഷക്കീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹോട്ടലിൽ സിസിടിവി പ്രവർത്തിക്കുന്നില്ലെന്നും ഉടമ പറഞ്ഞു. 

പൊന്നാനിയിൽ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചു. ഇതിനു 45 മിനിറ്റിനു ശേഷം രണ്ടത്താണിയിൽ വച്ച് ടോറസ് ലോറി രണ്ട് തവണ തൻ്റെ വാഹനത്തിൽ ഇടിച്ചു. ഇതു രണ്ടും ആസൂത്രിതമായ ആക്രമണമാണ് എന്നായിരുന്നു അബ്ദുള്ളക്കുട്ടി ആരോപിച്ചത്. 

അബ്‌ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ പൊന്നാനി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവമോർച്ച പ്രവർത്തകൻ അരുണിന്റെ പരാതിയിൽ ആണ് കേസ് എടുത്തിരിക്കുന്നത്. അബ്ദുള്ളക്കുട്ടിയെ ഭീഷണിപ്പെടുത്തി, തടഞ്ഞു നിർത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ പരാതിയിലാണ് കേസ്. ഹോട്ടലിൽ ഫോട്ടോ എടുത്തത്തിന്റെ പേരിൽ തർക്കം ഉണ്ടായതായും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും വാഹനത്തിന് നേരെ ഒരാൾ കല്ലെറിഞ്ഞെന്നുമാണ് പരാതി.