തലശ്ശേരി: കനത്ത മഴയെത്തുടർന്ന് കണ്ണൂർ തലശ്ശേരി പൊന്ന്യം പുഴ കരകവിഞ്ഞൊഴുകി. സമീപത്തെ താഴ്ന്ന പ്ര​ദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയതോടെ ആശങ്കയിലായിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. പൊന്ന്യം പുഴ കരകവിഞ്ഞതോടെ ന്യൂമാഹി, തലശ്ശേരി താലൂക്കിലെ  കോടിയേരി, പാനൂർ, കതിരൂർ, പെരിങ്ങത്തൂർ എന്നീ വില്ലേജുകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. 

മഴ ശക്തമായതോടെ മയ്യഴി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മാഹി ന​ഗരത്തിലും പരിസരങ്ങളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. മാഹി റെയിൽവേ സ്‌റ്റേഷൻ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുകയാണ്. കനത്ത മഴയിൽ പുന്നോൽ മാതൃക ബസ് സ്റ്റോപ്പിന് സമീപം ആറം​ഗ കുടുംബം കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. ഇവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് താലൂക്ക് അധികൃതർ അറിയിച്ചു.