Asianet News MalayalamAsianet News Malayalam

പൂജപ്പുര ജയിലിലെ കൊവിഡ് വ്യാപനം; ആശങ്ക വേണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്

ജയിലിൽ പ്രത്യേക പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങാനാണ് തീരുമാനം. 65 വയസ്സിന് മുകളിലുളളവർക്ക് പരോൾ പരിഗണനയിലാണ്. കഫറ്റീരീയ, പെട്രോൾ പമ്പ് ജീവനക്കാരെ ജയിലിനുളളിൽ പ്രത്യേക സംവിധാനത്തിലേക്ക് മാറ്റി.

poojapura jail covid spread rishiraj singh says no need to panic
Author
Trivandrum, First Published Aug 18, 2020, 9:02 AM IST

തിരുവനന്തപുരം: പൂജപ്പുര ജയിലിലെ കൊവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കൊവിഡ് വ്യാപനം ഉണ്ടായത് പൂജപ്പുരയിലെ ജയിലിൽ മാത്രമാണെന്ന് ഡിജിപി നമസ്തേ കേരളത്തിൽ പറഞ്ഞു. 

വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് ജയിലിൽ ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. കടുത്ത ആസ്മ രോഗിയായ മണികണ്ഠനെ ഗുരുതര രോഗലക്ഷണങ്ങളോടെ 11നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 16-ാം തീയതി മരണം സംഭവിച്ചു. 

തുടർന്ന് പി ബ്ലോക്ക് ഏഴിലെ മുഴുവൻ തടവുകാരെയും പരിശോധിച്ചു. ഓഗസ്റ്റ് 12ന് 59 തടവുകാർക്ക് രോഗം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 14ന് ജയിൽ ആസ്ഥാനം ശുചീകരിക്കാനെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആസ്ഥാനം അടച്ചു. ഓഗസ്റ്റ് 16ന് 145 തടവുകാർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 17 ആയപ്പോൾ ജയിലിൽ ആകെ രോഗികൾ 477 ആയി.

രോഗബാധിതരിൽ എട്ട് പേർ ജീവനക്കാരാണ്. ജയിലിൽ പ്രത്യേക പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങാനാണ് തീരുമാനം. 65 വയസ്സിന് മുകളിലുളളവർക്ക് പരോൾ പരിഗണനയിലാണ്. കഫറ്റീരീയ, പെട്രോൾ പമ്പ് ജീവനക്കാരെ ജയിലിനുളളിൽ പ്രത്യേക സംവിധാനത്തിലേക്ക് മാറ്റി.

പ്രായമായവർക്കും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവർക്കും മുൻഗണന നൽകിയാണ് ജയിലിൽ പരിശോധന നടത്തുന്നത്. പൊതുശുചിമുറികളിലൂടെയും പാത്രങ്ങളിലൂടെയുമാകാം വ്യാപനം എന്നാണ് സംശയം.  

നിലവിൽ പ്രായമായവരെയും മറ്റ് അസുഖങ്ങൾ ഉള്ളവരെയുമാണ് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കും ജനറൽ ആശുപത്രിയിലേക്കും മാറ്റുന്നത്. രോഗവ്യാപനം ജയിലിനുള്ളിൽ നിന്ന് പിടിച്ചുനിർത്താനാണ് ജയിൽ അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും തീവ്രശ്രമം. 

Follow Us:
Download App:
  • android
  • ios