തിരുവനന്തപുരം: ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തുന്ന നിരാഹാര സമരം ഇന്ന് തുടങ്ങും. രാവിലെ ഒമ്പത് മണി മുതൽ നാളെ രാവിലെ ഒമ്പത് മണിയവരെയാണ് സമരം. ദേശീയപാത ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ചാണ് 24 മണിക്കൂ‍ർ നീണ്ട നിരാഹാര സമരം. 

സമരം മുസ്ലിം ലീഗ് നേതാവും പാർലമെന്റ് അംഗവുമായ പി കെ കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം ചെയ്യുക. യുഡിഎഫിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. അതേസമയം, ദേശീയ പാതയിൽ കുമ്പള, ആരിക്കാടി ഭാഗങ്ങളിൽ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. ഇത് ദേശീയ പാതയിൽ പൂർണമായ തോതിലല്ല നടക്കുന്നത്. എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന റീടാറിംഗ് ജോലികൾ ഉടൻ ആരംഭിക്കണമെന്നും അതിനാണ് സമരമെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നത്.