പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന സ്ഥാപന ഉടമകളായ റോയ് ഡാനിയേലിൻ്റെ ബന്ധുക്കളുടെ വീടുകളിൽ അന്വേഷണ സംഘത്തിന്റെ പരിശോധന. പന്തളത്തേയും കോന്നിയിലേയും ബന്ധുക്കളുടെ വീടുകളിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.

കേസിൽ റിമാൻഡിൽ കഴിയുന്ന സ്ഥാപന ഉടമകളായ റോയ് ഡാനിയേൽ ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം, റിയ ആൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. പ്രതികളെ പത്ത് ദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. തട്ടിപ്പ് കേസിൽ ഇവരെ കസ്റ്റഡിയിൽ കിട്ടിയെങ്കിൽ മാത്രമെ കൂടുതൽ അന്വേഷണം നടത്താൻ കഴിയു.

2014 ലാണ് റോയി ഡാനിയേൽ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റിയത്. ഉടമസ്ഥാവകാശം കിട്ടിയ ഉടൻ മക്കൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിന്‍റേഴ്‍സ്, നിധി പോപ്പുലർ എന്നീ പേരുകളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി. ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചത് എൽഎൽപി വ്യവസ്ഥയിലാണ്.  

എൽഎൽപി വ്യവസ്ഥയിൽ നിക്ഷേപം സ്വീകരിച്ചാൽ നിക്ഷേപകർക്ക് കമ്പനിയുടെ ലാഭ വിഹിതമാണ് കിട്ടുക. കമ്പനി നഷ്ടത്തിലായാൽ ആനുപാതികമായി നിക്ഷേപകരുടെ പണവും നഷ്ടപ്പെടും. എന്നാൽ പണം സ്വീകരിക്കുന്നത് ഈ വ്യവസ്ഥയിലാണെന്ന് ഒരു ഘട്ടത്തിൽ പോലും നിക്ഷേപകരെ അറിയിച്ചിരുന്നില്ല.