പത്തനംതിട്ട: അനധികൃത നിക്ഷേപങ്ങളുടെ ലോക്കറായിരുന്നു പൊളിയും വരെയും പോപ്പുലർ ഫിനാൻസ്. 2014ൽ ഉടമ റോയ് ഡാനിയൽ കള്ളപ്പണ കേസിൽ പ്രതിയായി. പലതരത്തിൽ കമ്പനിയിലേക്ക് വരുന്ന തുക വകമാറ്റാൻ റോയ് ഡാനിയൽ നടത്തിയ തട്ടിപ്പ് രീതിയും വിചിത്രമാണ്. രാജ്യം വിടാനായി കുടുംബാംഗങ്ങൾ നടത്തിയ ബിറ്റ്കോയിൻ ഇടപാടുകളുടെ വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

പോപ്പുലർ ഫിനാൻസിനെതിരെ പരാതികളായി എത്തിയത് അറുനൂറ് കോടിയുടെ കണക്ക്  മാത്രമാണ്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും ഇരട്ടിയാണ്. തെളിഞ്ഞ ഇടപാടുകളെക്കാൾ ഒളിഞ്ഞ നിക്ഷേപമായിരുന്നോ പോപ്പുലറിനെ പിടിച്ചു നിർത്തിയത് എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. പോപ്പുലർ ഉടമകളിലൊരാളായ റീനു മറിയം തോമസ് വെളിപ്പെടുത്തിയ ബാധ്യതകളുടെ കണക്ക് 1400കോടിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച വിവരം. പരാതിക്കാരുടെ അറുനൂറ് കോടി മാറ്റി നിർത്തിയാൽ 800 കോടിയുടെ നിക്ഷേപം എങ്ങനെ വന്നു. ആരൊക്കെയാണ് ഇപ്പോഴും ഒളിഞ്ഞിരിക്കുന്നത് എന്നീ ചോദ്യങ്ങൾ ബാക്കിയാണ്.

എൻഫോഴ്സ്മെന്‍റും നിക്ഷേപങ്ങൾ അന്വേഷിക്കുകയാണ്. 400കോടിയുടെ അനധികൃത ഇടപാടുകൾ സംശയിക്കുന്നു. എല്ലാം റോയ് ഡാനിയലിന് മാത്രമറിയാവുന്ന രഹസ്യങ്ങളാണ്.  കള്ളപ്പണനിക്ഷേപം സ്വീകരിച്ചതിൽ 2014ൽ റോയിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇങ്ങനെ സ്ഥാപനത്തിലേക്ക് വന്ന തുക പലവിധ തട്ടിപ്പുകളിലൂടെ കുടുംബാംഗങ്ങൾ തന്നെ മാറ്റിയെന്നാണ് വിവരം. ആധുനിക രീതിയിൽ ഡിജിറ്റലായും പണം മാറ്റി. ആരുടെയും കണ്ണുവെട്ടിച്ച് ‍നിക്ഷേപിക്കാനും ലോകത്ത് എവിടെ നിന്നും പിൻവലിക്കാനും കഴിയുന്ന ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനും കുടുംബാംഗങ്ങൾ വാങ്ങി കൂട്ടി. ഡയക്ടർമാരിൽ ഒരാളും റോയി ഡാനിയേലിന്‍റെ ഇളയമകളുമായ റേബ മേരി ബിറ്റ്കോയിൻ ഇടപാടിന് സഹായിച്ച വ്യക്തിക്ക് നന്ദി പറയുന്ന വീഡിയോ ദൃശ്യം പുറത്തു വന്നു.

പോപ്പുലർ പൊട്ടിയ ശേഷം ആസ്ട്രേലിയക്ക് കടക്കാനാണ് റേബ ബിറ്റ്കോയിൻ വാങ്ങിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ വിവരങ്ങൾ അന്വേഷണ സംഘത്തിനും ഞങ്ങൾ കൈമാറി. ഇന്ന് ഒരു ബിറ്റ്കോയിന് എട്ട് ലക്ഷമാണ് മൂല്യം. സാധാരണക്കാരുടെ നിക്ഷേപം എത്രത്തോളം ബിറ്റ്കോയിനിലേക്ക് ഒഴുകി എന്ന് കണ്ടെത്തുകയും അന്വേഷണത്തിൽ പ്രധാനമാണ്. ‍പ്രതികൾ രാജ്യം വിടാൻ നടത്തിയ ആസൂത്രണത്തിന്‍റെ തെളിവുകളാണ് ദുരൂഹമായ ബിറ്റ്കോയിൻ ഇടപാടുകൾ.


വിശദമായ വാർത്ത കാണാം...