പത്തനംതിട്ട: ജീവിക്കാൻ കരുതി വച്ച ആറ് ലക്ഷം നഷ്പ്പെട്ട അരക്ക് താഴെ തള‍‍‍ർന്ന ജോർജ് പണിക്കർ, ജീവിതാധ്വാനം മുഴുവൻ നിക്ഷേപിച്ച് ചതിക്കപ്പെട്ട കുടുംബങ്ങൾ, ആയിരക്കണക്കിന് നിക്ഷേപകരുടെ കണ്ണീരിൽ തൊട്ടുകൊണ്ട് പോപ്പുല‍‍‍ർ ഫിനാന്‍സിന്‍റെ തട്ടിപ്പിന്‍റെ പിന്നാമ്പുറം തേടുകയാണ്. ഒപ്പം നിന്നവരുടെ വെളിപ്പെടുത്തൽ, ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക സംഘത്തിന്‍റെ കണ്ടെത്തലുകൾ. അരനൂറ്റാണ്ടിലൂടെ പോപ്പുല‍‍‍‍ർ ഫിനാൻസ് ആർജിച്ച വിശ്വാസമാണ് കഴിഞ്ഞ ആറ് മാസം കൊണ്ട് നിലംപൊത്തിയത്. നിക്ഷേപ തുകകൾ വകമാറ്റിയതും കെടുകാര്യസ്ഥതയുമാണ് പോപ്പുലർ ഫിനാൻസിനെ തകർത്തത്. സ്വർണ്ണപണയങ്ങൾ മറ്റ് ബാങ്കുകൾക്ക് മറിച്ച് നൽകിയതിന്‍റെ കണക്കുകളും പ്രതികളുടെ ഇതുവരെ കണ്ടെത്തിയ ആസ്‍തി വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുകയാണ്.

 2020 ഫെബ്രുവരി വരെ എല്ലാം ഭദ്രമായിരുന്നു. നിക്ഷേപകർക്ക് കൃത്യമായ പലിശ. പണം പിൻവലിക്കാൻ എത്തുന്നവർക്ക് ഡെപ്പോസിറ്റ് തിരിച്ചു നൽകൽ. പോപ്പുലർ പൊട്ടിയത് നിക്ഷേപകരെ ഞെട്ടിച്ചങ്കിലും പോപ്പുല‍‍‍‍ർ കുടുംബത്തിലെ വിശ്വസ്തർക്ക് ഒട്ടും അത്ഭുതമില്ല.‌ ബ്രാഞ്ചുകളിൽ പണയം വയ്ക്കുന്ന സ്വർണ്ണം മറ്റ് ബാങ്കുകളിലേക്ക് കൂടിയ നിരക്കിൽ മറിച്ച് വച്ചതായിരുന്നു മറ്റൊരു തീക്കളി. റോയിയുടെ മകളും പോപ്പുലർ ഉടമകളിലൊരാളുമായ റീനു അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

‘പാർട്ടനര്‍ഷിപ്പ് ബാങ്കുകളിൽ നിന്നും 20കോടിയുടെ സ്വർണ്ണം ഫെഡറൽ ബാങ്കിൽ പണയംവച്ചു. പോപ്പുലർ നിധിയിൽ നിന്നും എട്ട് കോടിയുടെ സ്വർണ്ണം ധനലക്ഷ്മി ബാങ്കിലും ഫെഡറൽ ബാങ്കിലും പണയംവച്ചു. ബംഗളുരുവിൽ അമ്മ പ്രഭാതോമസിന്‍റെ പേരിൽ 10കോടി രൂപയുടെ സ്വർണ്ണം,ഇതിന് പുറമെ അറുപത് കോടി രൂപയുടെ സ്വർണ്ണം  മറുപണയം വച്ചു.’ഈ മൊഴിയിലെ വിവരങ്ങൾ റോയ് ഡാനിയേലിന്‍റെ മറ്റൊരു വിശ്വസ്തനും സമ്മതിക്കുന്നു. 

ഇനി ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ  ലഭിച്ച ആസ്ഥി വിവരങ്ങൾ ഇങ്ങനെ. തമിഴ്നാട്ടിൽ 48 ഏക്കർ, ആന്ധ്രയിൽ 28 ഏക്കർ ഭൂമി. വകയാറിലെ വീടുൾപ്പെട്ട 60 സെന്‍റ്, തിരുവനന്തപുരത്ത് 3 ഫ്ലാറ്റ്, കൊച്ചിയിൽ മൂന്ന് ഫ്ലാറ്റ്, വകയാറിലും, പൂനെയും, പൂയപ്പിള്ളിയിലും, തിരുവനന്തപുരത്തും  സ്വന്തമായി ഓഫീസ്. കോന്നിയിൽ നാലേക്കർ എസ്റ്റേറ്റ്, കവിയൂരിലും പായിപ്പാടും ഒരേക്കർ വീതം ഭൂമി. നിക്ഷേപം വഴിമാറിയ വഴികൾ ഇനിയും ചുരുളഴിയാൻ ബാക്കി.