കോഴിക്കോട്: വര്‍ഷങ്ങള്‍കൊണ്ട് കെട്ടിപ്പൊക്കിയ വിശ്വാസ്യതയുടെ മറവില്‍ കൊടിയ വഞ്ചനയും നിയമലംഘനവുമാണ് പോപ്പുലര്‍ ഗ്രൂപ്പിലെ മൂന്നാം തലമുറ നടത്തിയത്. നിക്ഷേപകരെ, അവരറിയാതെ ബിസിനസ് പങ്കാളികളാക്കിയായിരുന്നു തട്ടിപ്പ് ഏറെയും നടത്തിയത്. റോയ് ഡാനിയലിന്‍റെ മൂത്തമകള്‍ റീനു മറിയം തോമസ് ചുമതല ഏറ്റെടുത്ത ശേഷമാണ് എല്‍എല്‍പി കമ്പനികളേറെയും തുടങ്ങിയത്. മൂന്നു വര്‍ഷത്തിനിടെ പത്തിലേറെ കടലാസ് കമ്പനികളാണ് റീനു തുടങ്ങിയത്. 

2013ല്‍കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നോണ്‍ ബാങ്കിങ് ഫൈനാന്‍ഷ്യല്‍ കന്പനീസ് ആക്ട് പ്രകാരം ബാങ്കുകള്‍ ഒഴികെയുളള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ കഴിയില്ല എന്നാണ് ചട്ടം. പോപ്പുലർ പോലെയുള്ള സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്ന് നിക്ഷേപമായി പണം സ്വീകരിക്കരുതെന്ന് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തരം സ്ഥാപനങ്ങൾ കടപ്പത്രം ഇറക്കി പണം സമാഹരിക്കാൻ മാത്രമേ സാധിക്കൂ. എന്നാല്‍ പോപ്പുലര്‍ ചെയ്തത് അതല്ല. 

ലിമിറ്റഡ് ലബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് വഴിയാണ് പോപ്പുലർ ഫിനാൻസ് ഏറ്റവുമധികം തട്ടിപ്പുകൾ നടത്തിയത്. ഇത്തരം കമ്പനികളിൽ പണം നിക്ഷേപിക്കുന്നവർ കേവലം നിക്ഷേപകർ മാത്രമല്ല, പാർട്ണർമാർ കൂടിയാണ്. കമ്പനി നഷ്ടത്തിലായാൽ അത് ഇവരും സഹിക്കേണ്ടി വരുമെന്ന് ചുരുക്കം. നിക്ഷേപകര്‍ക്ക് ആറ് കോടി രൂപ നഷ്ടമായ കോഴിക്കോട് പാറോപ്പടിയിലെ ശാഖയിലേക്കാണ് ആദ്യം ഏഷ്യാനെറ്റ് ന്യൂസ് ചെയ്തത്. പോപ്പുലറിന്‍റെ ഭാഷയില്‍ അവര്‍ നിക്ഷേപകരല്ല പാര്‍ട്ണര്‍മാരാണ്. കൂടുതൽ പലിശ ലഭിക്കുമെന്നതിനാലാണ് കൂടുതൽ പേരും കൃത്യമായ ധാരണയില്ലാതെ ഇങ്ങനെ പണം നിക്ഷേപിച്ചത്. കാര്യങ്ങളെക്കുറിച്ച് ശരിയായ പരിശീലനമോ വിവരണമോ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ബ്രാഞ്ച് മാനേജർമാരും പറയുന്നു.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപം സ്വീകരിക്കരുതെന്ന നിയമം വന്നതിനെത്തുടര്‍ന്ന് 2014 മുതലാണ് പോപ്പുലര്‍ ലിമിറ്റഡ് ലബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കമ്പനികള്‍ തുടങ്ങിയത്. ഒരു പ്രത്യേക ലക്ഷ്യത്തിനായി തുടങ്ങുകയും അത് കഴിയുമ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യുന്ന സംരംഭങ്ങളാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പുകള്‍. കമ്പനി തുടങ്ങാനും അവസാനിപ്പിക്കാനും വേഗത്തില്‍ കഴിയുമെന്നതാണ് നേട്ടം.  പോപ്പുലറിന്‍റെ മാനേജിംഗ് പാര്‍ട്ണര്‍ റോയ് ഡാനിയേലിന്‍റെ മകള്‍ റീനു മറിയം തോമസ് കമ്പനിയെ കരകയറ്റാനെന്ന പേരില്‍ ഈ സാധ്യതയാണ് പ്രയോഗിച്ചത്. പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ഡോക്ടറായിരുന്ന റീനു 2017ല്‍ പോപ്പുലര്‍ സിഇഒയായി ചുമതലയെടുത്ത ശേഷം തുടങ്ങിയത് പത്തിലേറെ എഎല്‍എല്‍പി കമ്പനികളാണ്.  ഇങ്ങനെ പോപ്പുലറിന് കീഴില്‍ 21 എല്‍എല്‍പി കമ്പനികള്‍ ഉണ്ടായി. വാകയാര്‍ ലാബ് എല്‍എല്‍പി, സാന്‍ പോപ്പുലര്‍ ഇ കംപ്ളയിന്‍സ് ബിസിനസ് സൊല്യൂഷൻസ്, സാന്‍ പോപ്പുലര്‍ ഫ്യൂവല്‍ എല്‍എല്‍പി, സാന്‍ പോപ്പുലര്‍ ട്രേഡേഴ്സ് എല്‍എല്‍പി, മൈ പോപ്പുലര്‍ മറൈന്‍ പ്രോഡക്റ്റ്സ് എല്‍എല്‍പി, പോപ്പുലര്‍എക്സോപര്‍ട്സ് തുടങ്ങിയ കമ്പനികള്‍ ഇത്തരത്തില്‍ രൂപമെടുത്തു.

ഉയര്‍ന്ന പലിശ പ്രതീക്ഷിച്ച് കമ്പനിയില്‍ പണം നിക്ഷേപിക്കാനെത്തിയ കൂലിവേലക്കാരുള്‍പ്പടെ അറിഞ്ഞില്ല അവര്‍ പണം ഏല്‍പ്പിക്കുന്നത് നിലനില്‍പ്പില്ലാത്ത കമ്പനികളിലാണെന്ന്. എല്‍എല്‍പി ആയതിനാല്‍ നിയമ നടപടി വന്നാലും എത്ര പേര്‍ക്ക് പണം തിരികെ കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പുമില്ല. 2013ൽ കേന്ദ്രസർക്കാർ നോൺ ബാങ്കിം​ഗ് ഫിനാൻഷ്യൽ കമ്പനീസ് ആക്ട് കൊണ്ടുവന്നതുമുതൽ പോപ്പുലർ ഫിനാൻസ് നട്തതിവന്നതെല്ലാം തട്ടിപ്പുകളായിരുന്നു. അതിനു മുമ്പേ പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിനെക്കുറിച്ച് റിസർവ്വ് ബാങ്ക് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. നിക്ഷേപകരുടെ അജ്ഞതയും സർക്കാരുകളുടെ നിസം​ഗതയും മുതലെടുത്താണ് പോപ്പുലർ ഫിനാൻസ് പടർന്നു പന്തലിച്ചതെന്ന് ചുരുക്കം. 

വിശദമായ വാർത്ത കാണാം...