Asianet News MalayalamAsianet News Malayalam

പോപ്പുലർ തട്ടിപ്പ് പലയിടങ്ങളില്‍, എന്നിട്ടും ഒറ്റ എഫ്‌ഐആര്‍; പ്രതികളെ സഹായിക്കാനോ?

ഫിക്സഡ് ഡിപ്പോസിറ്റ്, എൽഎൽപി ആയും വ്യത്യസ്ത സ്ഥാപനങ്ങളുടെ പേരിൽ പല സമയത്തായി നടന്ന തട്ടിപ്പ് ഒറ്റ എഫ്ഐആറിന് കീഴിലായാൽ ഇന്ത്യൻ ശിക്ഷാ നിയമം 420 പ്രകാരം ഒരു വഞ്ചനാക്കേസ് മാത്രമാകും നിലനിൽക്കുക.

Popular Finance Fraud Kerala Police preparing one FIR
Author
Pathanamthitta, First Published Sep 12, 2020, 6:11 AM IST

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ എല്ലാ കേസുകളും കോന്നി സ്റ്റേഷൻ പരിധിയിലാക്കുന്നത് പ്രതികളെ സഹായിക്കാനെന്ന് ആരോപണം. മുഴുവൻ കേസുകളും ഒറ്റ എഫ്ഐആറിന് കീഴിലാക്കിയാൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാകുമെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

പോപ്പുല‍ർ ഫിനാന്‍സ് തട്ടിപ്പിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കിട്ടുന്ന പരാതികൾ കോന്നി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുക്കാൻ ഡിജിപിയാണ് നിർദേശം നൽകിയത്. പ്രതികൾ കസ്റ്റഡിയിൽ ആകുന്നതിന് മുന്നെ തന്നെ ദക്ഷിണ മേഖല ഐജിയും കേസിന്റെ മേൽനോട്ട ചുമതലയുമുള്ള ഹർഷിത അട്ടല്ലൂരി ഇത് സംബന്ധിച്ച് സർക്കുലറും ഇറക്കി. ഈ സർക്കുലർ പ്രകാരം വിവിധ സ്റ്റേഷനുകളിൽ പരാതി നൽകുന്നവർ കോന്നി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ സാക്ഷികളാകും. 

ഇതുമൂലം മറ്റ് ജില്ലകളിൽ നിന്നുള്ള പതിനായിരത്തിലധികം പരാതിക്കാർ കേസ് കോടതിയിൽ എത്തുമ്പോൾ പത്തനംതിട്ടയിൽ എത്തി മൊഴി നൽകേണ്ടി വരും. ഫിക്സഡ് ഡിപ്പോസിറ്റ്, എൽഎൽപി ആയും വ്യത്യസ്ത സ്ഥാപനങ്ങളുടെ പേരിൽ പല സമയത്തായി നടന്ന തട്ടിപ്പ് ഒറ്റ എഫ്ഐആറിന് കീഴിലായാൽ ഇന്ത്യൻ ശിക്ഷാ നിയമം 420 പ്രകാരം ഒരു വഞ്ചനാക്കേസ് മാത്രമാകും നിലനിൽക്കുക. ഇത് പ്രതികൾക്ക് രക്ഷപെടാനുള്ള വഴിയൊരുക്കുമെന്ന് നിയമ വിദഗ്ധരുടെ വാദം.

സംസ്ഥാനത്ത് മുന്‍പ് നടന്ന സമാന തട്ടിപ്പ് കേസുകളിൽ നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തായിരുന്നു അന്വേഷണം നടന്നത്. എന്നാൽ അരലക്ഷത്തോളം എതിർ കക്ഷികളുള്ള കേസിൽ ഓരോ എഫ്ഐആർ പ്രായോഗികമല്ലെന്നാണ് പൊലീസ് വാദം. 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും പ്രതികൾക്ക് രക്ഷപെടാൻ അവസരമുണ്ടാകില്ലെന്നും പൊലീസ് പറയുന്നു.

Follow Us:
Download App:
  • android
  • ios