പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് ഉടമകൾ നൽകിയ പാപ്പർ ഹർജിയിൽ നിക്ഷേപകർക്ക് കോടതി നോട്ടീസ് അയക്കും. പത്തനംതിട്ട സബ് കോടതിയാണ് നോട്ടീസ് അയക്കുക. സ്ഥാപന ഉടമകളുടെ ബിനാമി ഇടപാടുകളും കോടതി പരിശോധിക്കും. ഇന്ത്യൻ പാർട്ണഷിപ്പ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത ഏഴ് കമ്പനികളുടെ പേരിലാണ് പോപ്പുലർ ഉടമകൾ പാപ്പർ ഹർജി നൽകിയിരിക്കുന്നത്. അമ്പതിനായിരം നിക്ഷേപകരെ എതിർകക്ഷികളാക്കിയാണ് പാപ്പർ ഹർജി. മുഴുവൻ കക്ഷികൾക്കും നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. 

കേസ് പരിഗണിക്കുന്ന കോടതി നിക്ഷേപകർക്ക് നിക്ഷേപം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ അവസരം ഒരുക്കും. മാധ്യമങ്ങളിൽ പരസ്യം നൽകി വിഷയം പൊതു അറിവിൽ കൊണ്ടു വരും. ഹർജിക്കാരുടെ ആസ്തിയും ബാധ്യതയും കോടതി തിട്ടപ്പെടുത്തും. ഇതിൽ ബാധ്യതയാണ് നിലനിൽക്കുന്നതെങ്കിൽ പോപ്പുലർ ഉടമകളെ പാപ്പരായി പ്രഖ്യാപിക്കും. 

അതേസമയം പാപ്പർ ഹർജി നൽകുന്നതിന് മുമ്പ് ഹർജിക്കാർ വസ്തുവകകൾ അടുപ്പക്കാരുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഹർജിക്കാരന്റെ ആസ്തികൾ ലേലം ചെയ്ത് ആനുപാതിക തുക മാത്രമായിരിക്കും വഞ്ചിതരായ നിക്ഷേപകർക്ക് ലഭിക്കുക. എന്നാൽ കോടതിയിലെ ഈ നടപടികൾ പൂർത്തിയാകാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.