പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഇന്നലെ അറസ്റ്റിലായ റിയ ആൻ തോമസിനെ റിമാന്റ് ചെയ്തു. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ ആറ് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അഞ്ചാം പ്രതിയായ റിയയെ കോടതിയിൽ ഹാജരാക്കിയത്. റിയയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച പൊലീസ് അപേക്ഷ നൽകും.

പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ ആൻ തോമസ്. പോപ്പുല‍റിന് കീഴിലെ നാല് കമ്പനികളുടെ ഡയറക്ടറും റിയയാണ്. എൽഎൽപി വ്യവസ്ഥയിൽ പണം സ്വീകരിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് റിയ ആണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ഒളിവിലായിരുന്ന റിയയെ ഇന്നലെ മലപ്പുറത്തെ നിലമ്പൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു.

കഴിഞ്ഞ ദിവസം റിയ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയെങ്കിലും മൂന്ന് ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ ബലത്തിൽ നിലമ്പൂരിലെ വീട്ടിൽ കഴിഞ്ഞ റിയയെ കോന്നി പൊലീസ് സ്റ്റേഷനിൽ പുതിയതായി രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പിലാണ് അറസ്റ്റ് ചെയ്തത്. റിമാന്റ് ചെയ്ത റിയയെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.

നിലവിൽ റിമാന്റിലുള്ള റോയി ഡാനിയേൽ, പ്രഭ തോമസ്, റിനു മറിയം റേബ തോമസ് എന്നിവരെയും പുതുതായി രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവരെയും കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകും. അഞ്ച് പ്രതികളെയും ഒരേപോലെ കസ്റ്റഡിയിൽ കിട്ടിയാൽ ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യും.