പത്തനംതിട്ട: പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കും. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സർക്കാരിന് കൈമാറി. അതേസമയം കേസിൽ നിന്ന് രക്ഷപെടാൻ പ്രതികൾ മൂന്ന് തരത്തിൽ ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ

രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് അതീവ ഗൗരവത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്. സംസ്ഥാനത്ത് ഉടനീളം വഞ്ചിതരായവരുടെ പരാതികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സിബിഐക്കോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ കേസ് കൈമാറാനാണ് സാധ്യത. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹർജികളും ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. 

നിക്ഷേപകരുടെ പ്രതിഷേധവും വരുന്ന തെരഞ്ഞെടുപ്പും മുന്നിൽക്കണ്ട് ഹർജികളെ സർക്കാർ ഹൈക്കോടതിയിൽ എതിർക്കാൻ സാധ്യത ഇല്ല. കേസിൽ സർക്കാർ മുമ്പ് ഇന്റർപോളിന്റെ സഹായം തേടിയതും ഇതിന്റെ സൂചനയാണ്. അതേസമയം പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സുപ്രധാന വിവരങ്ങാളാണ് പൊലീസിന് കിട്ടുന്നത്. 

തട്ടിപ്പിന് ശേഷം നിക്ഷേപകരോട് 60 ദിവസത്തെ സാവകാശം ആവശ്യപ്പെടുകയും റോയി ഡാനിയലിന്റെ പേരിൽ പാപ്പർ ഹർജി നൽകുകയും ചെയ്ത പ്രതികൾ, മക്കളായ റിനു റേബ എന്നിവരെ ഓസ്ട്രേലിയയിലേക്ക് കടത്താനും ശ്രമിച്ചു. പക്ഷെ ദില്ലി വിമാനത്താവളത്തിൽ നിന്ന് റിനുവും റേബയും പിടിയിലായതോടെ ആസൂത്രണത്തിന്റെ പ്രധാന ഭാഗം പൊളിഞ്ഞു. പ്രതികൾ തെളിവെടുപ്പിന് സഹകരിക്കുന്നുണ്ടെങ്കിലും ആരാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് സൂചന നൽകിയിട്ടില്ല. റോയിയുടെ മറ്റൊരു മകളും ഡയറക്ടർ ബോർഡ് അംഗവുമായ റിയ ആൻ ഇപ്പോഴും ഒളിവിലാണ്. റിയ എവിടെയുണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ പറയുന്നത്.