Asianet News MalayalamAsianet News Malayalam

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകം: മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍

ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.

popular front activist arrested for RSS leader sreenivasan murder case
Author
First Published Sep 17, 2022, 4:48 PM IST

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. കേസിലെ 38 മത്തെ പ്രതിയാണ് സിറാജുദീൻ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു ഗൂഢാലോചന. മലപ്പുറത്തെ 12 ആര്‍എസ്എസ് - ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊലക്കേസിലും ഇയാൾക്ക് പങ്കെന്ന് സൂചനയുണ്ട്.  ഏപ്രിൽ 16നാണ്  ശ്രീനിവാസൻ കൊല ചെയ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല ചെയ്യപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു സംഭവം. 

കേസിൽ ഒളിവിൽ കഴിയുന്നവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒൻപത് പേർക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസിൽ ഇതുവരെ 26 പ്രതികളെയാണ് ഇതുവരെ പിടികൂടിയിരുന്നത്. കേസിൽ 11 പേരെയാണ് ഇനി പിടികൂടാനുള്ളത്. ഫോട്ടോ ലഭ്യമായ ഒൻപത് പ്രതികൾക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 

ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ  വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. 

കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു.  ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്നായിരുന്നു ഇൻക്വസ്റ്റ് പരിശോധനയിലും പോസ്റ്റ് മോർട്ടത്തിലും വ്യക്തമായത്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios