ഈ മാസം രാജ്യവ്യാപക റെയ്ഡ് സമയത്ത് എന്‍ ഐ എ സംഘം ഈ ഓഫീസില്‍ റെയ്ഡ് നടത്തി പതാകയും പുസ്തകവും അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. 

കാസര്‍കോട്: കാസര്‍കോട് പെരുമ്പളക്കടവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് അടച്ചുപൂട്ടി. എന്‍ ഐ എയുടെ നേതൃത്വത്തില്‍ കാസര്‍കോട് പൊലീസാണ് ഓഫീസ് അടച്ചുപൂട്ടി നോട്ടീസ് പതിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടവും സ്ഥലവും ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരിലുള്ളതാണ്. 22 വര്‍ഷമായി ട്രസ്റ്റ് കൈവശം വയ്ക്കുന്നതാണിത്. പ്രൊഫ. ജോസഫ് കൈവെട്ട് കേസിന്‍റെ ഘട്ടത്തില്‍ 2010 ല്‍ ഈ ഓഫീസില്‍ കേരള പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ മാസം രാജ്യവ്യാപക റെയ്ഡ് സമയത്ത് എന്‍ ഐ എ സംഘം ഈ ഓഫീസില്‍ റെയ്ഡ് നടത്തി പതാകയും പുസ്തകവും അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന പടന്നയിലെ തീരം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കെട്ടിടവും അടച്ച് പൂട്ടും.

പന്തളം കടയ്ക്കാട്ടെ പി എഫ് ഒ ഓഫീസ് കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി. ഓഫീസിൽ എന്‍ ഐ എ നോട്ടീസ് പതിപ്പിച്ചു. അതേസമയം ഇടുക്കി തൂക്കുപാലത്തുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസിൽ പൊലീസ് പരിശോധന നടത്തി. റവന്യു ഉദ്യോഗസ്‌ഥരും സംഘത്തിൽ ഉണ്ടായിരുന്നു. ഓഫിസ് സീൽ ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു പരിശോധന. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്നു യഹിയ കോയ തങ്ങളുടെ പേരിലുള്ളതാണ് സ്‌ഥലം. 17 സെൻ്റ് സ്‌ഥലം 2016 - ലാണ് വാങ്ങിയത്. 35 ചതുരശ്ര മീറ്റർ വീടിനുള്ള പെർമിറ്റിൽ ആണ് ഓഫിസ് കെട്ടിടവും ഓഡിറ്ററിയവും പണിതിരിക്കുന്നത്. പരിശോധന സംബന്ധിച്ച റിപ്പോർട്ട്‌ സംഘം ജില്ല പോലിസ് മേധാവിക്ക് കൈമാറും എൻ ഐ എ ഉദ്യോഗസ്‌ഥരും ഓഫിസ് പരിശോധിക്കാൻ എത്തിയേക്കും. 

അതേസമയം ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് തുടങ്ങി. ഇതിനായി ഹർത്താൽ ദിനത്തിലെ വീഡിയോ ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചു. ദൃശ്യങ്ങളിൽ തിരിച്ചറിയുന്നവർക്കെതിരെ നിയമനടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.