തൃശ്ശൂര്‍: ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ നിർമ്മാണ ക്രമക്കേടിൽ  വിദ്യാഭ്യാസമന്ത്രി അന്വേഷണം പ്രഖ്യാപിച്ചയുടൻ വെള്ളപ്പൂശി പ്രാഥമിക റിപ്പോർട്ട്. കോണ്‍ക്രീറ്റിൽ പ്രശ്നമില്ലെന്നും എന്നാൽ പ്ലാസ്റ്ററിങില്‍ അപാകതകളുണ്ടെന്നുമാണ് ആദ്യറിപ്പോർട്ട്. കിഫ്ബിയെ മുൻനിർത്തി സർക്കാർ മേനി പറയുന്ന  സ്കൂൾ നവീകരണത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡ‍ലത്തിലെ തന്നെ സ്കൂളിലെ നിർമ്മാണ ക്രമക്കേടാണ് പണം വിഴുങ്ങും പദ്ധതികളെന്ന പരമ്പരയിൽ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടു വന്നത്. പിന്നാലെ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം നാണക്കേടായി നിൽക്കുമ്പോഴാണ് നിർമ്മാണത്തിൽ അപാകതയില്ലെന്ന പ്രാഥമിക റിപ്പോർട്ട് മണിക്കൂറുകൾക്കുള്ളില്‍ വരുന്നത്.

കോണ്‍ക്രീറ്റ് പരിശോധനയിൽ പ്രശ്നങ്ങളില്ലെന്നാണ് കിഫ്ബി പദ്ധതികൾ വിലയിരുത്തുന്ന കണ്‍സൾട്ടൻസിയായ വാപ്കോസിന്‍റെ റിപ്പോർട്ട്. അതേസമയം പ്ലാസ്റ്ററിങില്‍ പ്രശ്നങ്ങളുണ്ടെന്നും ടോയ്‍ലറ്റ് ബ്ലോക്കിലും സ്റ്റെയർ റൂമിലും പ്രശ്നങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. കൂടുതൽ പരിശോധന വേണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചെമ്പൂച്ചിറ സ്കൂളിലെത്തി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഗുണനിലവാരമില്ലെന്നും ക്രമക്കേടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കിഫ്‍ബിയുടെ സാമ്പത്തിക സഹായത്തേടെ നിരവധി വിദ്യാലയങ്ങളാണ് നവീകരിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന മുഴുവൻ വിദ്യാലയങ്ങളുടേയും സുരക്ഷ പരിശോധിക്കേണ്ട അവസ്ഥയിലേക്കാണ് ആരോപണങ്ങൾ ചെന്നെത്തുന്നത്. സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.