അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമഴ തുടരുന്നു. ജൂണിൽ ആരംഭിച്ച കാലവർഷം രണ്ട് ആഴ്ചയിലേറെയായി മന്ദഗതിയിലായിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമായി മാറിയതോടെ കേരളത്തിൽ വീണ്ടും മഴ സജീവമാകുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും കാര്യമായ മഴ ലഭിച്ചിട്ടുണ്ട്. 

ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ - ഒഡീഷാ തീരത്തോട് ചേർന്ന് നാളെ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലവർഷം സജീവമായി തുടരാൻ ഇതു സഹായിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ മണിക്കൂറുകളിൽ അറബിക്കടലിൽ കാലവ‍ർഷക്കാറ്റ് ശക്തി പ്രാപിച്ചു വരികയാണ് ന്യൂനമ‍ർദ്ദം രൂപപ്പെടുന്നതോടെ ഈ പ്രക്രിയ ശക്തിപ്പെടും. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത മുൻനി‍ർത്തി ഇന്ന് ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, വയനാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അല‍ർട്ടും ബാധകമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona