തിരുവനന്തപുരം: മാസങ്ങൾക്കകം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഓൺലൈൻ, പ്രോക്സി മാർഗങ്ങളിലൂടെ വോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാർശ ചെയ്യും. പ്രവാസി വോട്ടർമാരുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തുറന്ന സമീപനമാണെന്നും ടിക്കാറാം മീണ പറഞ്ഞു. 

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ട് ചെയ്യാന്‍ അനുവാദം നല്‍കാമെന്ന് കേന്ദ്രസർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ തപാൽ വോട്ട് പരീക്ഷിക്കാനുള്ള സാധ്യത തെളിയുന്നത്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന  കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ തന്നെ ഇലക്ട്രോണിക് തപാല്‍ വോട്ടിങ് രീതി നടപ്പാക്കാൻ സജ്ജമാണെന്നും  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.  സുതാര്യത ഉറപ്പാക്കണമെന്ന് കോൺ​ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ പ്രവാസികള്‍ക്ക് അതാത് മണ്ഡലങ്ങളില്‍ നേരിട്ടെത്തി വോട്ട് ചെയ്യാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ വോട്ടവകാശം ഉള്ള പ്രവാസികളില്‍ വളരെ കുറഞ്ഞ ശതമാനത്തിന് മാത്രമേ ഇത്തരത്തില്‍ വോട്ട് ചെയ്യാൻ സാധിക്കൂന്നുള്ളു. ഈ  സാഹചര്യത്തിലാണ് പ്രവാസികൾക്ക് ഇല്ക്ട്രോണിക് മാര്‍ഗം തപാല്‍ വോട്ട് ചെയ്യാൻ അനുമതി നല്‍കാവുന്നതാണെന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർ‍ക്കാരിന് മുന്‍പില്‍ വച്ചത്.  

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി അഞ്ച് ദിവസത്തിന് ശേഷം വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസി വോട്ടര്‍ അക്കാര്യം റിട്ടേണിങ് ഓഫീസറെ അറിയിക്കണം. റിട്ടേണിങ് ഓഫീസർ  ഇലക്ട്രോണിക് മാർഗം തപാല്‍ വോട്ട് അയക്കുകയും അത് പ്രിന്‍റ്  ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടർ ചുമതലപ്പെട്ട എംബസി ഉദ്യോഗസ്ഥന്‍റെ അനുമതിപത്രത്തോടൊപ്പം തിരികെ അയക്കുകയും ചെയ്യാവുന്നതാണെന്നാണ് ശുപാർശയില്‍ വ്യക്തമാക്കുന്നത്. നേരത്തെ പ്രവാസി വോട്ടവകാശത്തിനായി സമർപ്പിച്ച ഹർജിയില്‍ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി ആവശ്യപ്പെട്ടിരുന്നു.