കൊച്ചി: തപാല്‍ വോട്ടുകള്‍ സംബന്ധിച്ച തര്‍ക്കത്തില്‍ നിര്‍ണായക നടപടികളുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ. തങ്ങളുടെ മണ്ഡലത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിച്ചവരുടേയും അച്ചടിച്ചവയുടേയും വിതരണം ചെയ്തവയുടേയും കൃത്യമായ വിവരം കൈമാറണം എന്നാവശ്യപ്പെട്ട് അഞ്ച് യുഡിഎഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഒട്ടും സുതാര്യമല്ലാതെയാണ് തപാല്‍ വോട്ടുകള്‍ കൈകാര്യം ചെയ്തതെന്നും ബാലറ്റകളുടെ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കണമെന്നും സ്ഥാനാർത്ഥികൾ ആവശ്യപ്പെടുന്നു.

തപാല്‍ വോട്ടുകള്‍ സംബന്ധിച്ച വിവാദം പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് യുഡിഎഫ്. കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ്, കൊല്ലത്തെ സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ, പുനലൂരിലെ അബ്ദുറഹ്മാന്‍ രണ്ടത്താണി, വര്‍ക്കലയിലെ ബിആര്‍എം ഷഫീര്‍, കുറ്റ്യാടിയിലെ  പാറക്കല്‍ അബ്ദുള്ള എന്നിവരാണ് പരാതിക്കാര്‍. സ്ഥാനാര്‍ഥികളെ വിശ്വാസത്തിലെടുക്കാതെ, ഒട്ടും സുതാര്യത ഇല്ലാതെയാണ് തപാല്‍ വോട്ടുകള്‍ വിതരണം ചെയ്തിട്ടുള്ളതെന്നാണ് പരാതിയില്‍ പറയുന്നത്. മൂന്നര ലക്ഷം അപേക്ഷകര്‍ക്കായി പത്ത് ലക്ഷം ബാലറ്റുകള്‍ അച്ചടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ക്രമക്കേടിന് ഇത് വഴി തെളിയിക്കും. ഈ സാഹചര്യത്തില്‍ തങ്ങളുടെ മണ്ഡലത്തിലെ തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ കൈമാറണമെന്നാണ് പരാതിക്കാരുടെ ആവശ്യം. 

അപേക്ഷകര്‍ എത്ര, എത്ര ബാലറ്റുകള്‍ അച്ചടിച്ചു, എത്രയെണ്ണം വിതരണം ചെയ്തു, ഇവ അച്ചടിക്കാന്‍ ചുമതലപ്പെടുത്തിയ റിട്ടേണിംഗ് ഓഫീസര്‍ ആരാണ് തുടങ്ങിയ വിവരങ്ങള്‍ അടിയന്തിരമായി കൈമാറണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഈ ബാലറ്റുകളുടെ സീരിയല്‍ നമ്പര്‍ സഹിതം നല്‍കണമെന്നും കത്തിലുണ്ട്. വിതരണം ചെയ്യാത്ത സീരിയല്‍ നമ്പറിലുള്ള ബാലറ്റുകള്‍ എത്തിയാല്‍ ഇവ മാറ്റി വെയ്ക്കണം. ഏത് ബാലറ്റിന് പകരമാണ് ഇത് എത്തിയതെന്ന് കണ്ടെത്തണം. തുടര്‍ന്ന് ഇവ എത്തിച്ച ഉദ്യോഗസ്ഥനെതിരെ ക്രമിനല്‍ നടപടി വേണമെന്നും യുഡിഎഫ് സ്ഥാനാർത്ഥികൾ ആവശ്യപ്പെടുന്നു.