തൃശൂർ: തദ്ദേശതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകൾ. തൃശൂർ നഗരത്തിൽ കെ മുരളീധരനെ അനുകൂലിച്ച് മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്റർ. തൃശൂർ യൂത്ത് കോൺഗ്രസ് - കെഎസ് യു കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ ഇറങ്ങിയിരിക്കുന്നത്. 

അതേ സമയം കോൺഗ്രസ് വലിയ  പരാജയമേറ്റുവാങ്ങിയ കൊല്ലത്ത് ബിന്ദു കൃഷ്ണക്ക് പിന്നാലെ കെപിസിസി വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരനെതിരെയും പോസ്റ്റർ. ശൂരനാട് രാജശേഖരൻ ആർ എസ്.എസ് റിക്രൂട്ടിങ്ങ് ഏജന്റാണെന്നും കോൺഗ്രസ് പാർട്ടിയെ ആർഎസ്എസിന് വിറ്റു തുലച്ച ശൂരനാടിനെ പുറത്താക്കണമെന്ന് പോസ്റ്ററിൽ ആവശ്യം. സേവ് കോൺഗ്രസ് എന്ന പേരിലാണ് ഡിസിസി, ആർസ്പി ഓഫീസുകൾക്ക് മുന്നിൽ പോസ്റ്റർ പതിച്ചത്. തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ നഗരത്തിൽ ഇന്നലെ വ്യാപകമായി പോസ്റ്ററുകളുണ്ടായിരുന്നു. ബി ജെ പി ഏജൻറ് എന്ന് വിശേഷിപ്പിച്ചാണ് സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ പോസ്റ്റർ പതിച്ചത്.