രാജേന്ദ്ര പ്രസാദ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനാക്കാന്‍ കൊടിക്കുന്നില്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പതിച്ചത്. കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നാണ് പോസ്റ്ററിലെ വിമര്‍ശനം

കൊല്ലം: മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ കടുത്ത വിമര്‍ശനവുമായി കൊല്ലം നഗരത്തില്‍ പോസ്റ്ററുകള്‍. ഡിസിസി അധ്യക്ഷ നിര്‍ണയത്തില്‍ നടത്തിയ ഇടപെടലുകളുടെ പേരിലാണ് സുരേഷ് എംപിക്കെതിരെ കൊല്ലം നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജേന്ദ്ര പ്രസാദ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനാക്കാന്‍ കൊടിക്കുന്നില്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പതിച്ചത്.

കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നാണ് പോസ്റ്ററിലെ വിമര്‍ശനം. രാജേന്ദ്ര പ്രസാദ് പടുകിഴവനാണെന്ന പരിഹാസവും പോസ്റ്ററിലുണ്ട്. പുനസംഘടന ചര്‍ച്ചകളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പോര് വീണ്ടും രൂക്ഷമാകുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോട്ടയത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററിൽ ചോദിച്ചിരുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റർ പതിപ്പിച്ചിരുന്നത്. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നവർക്കെതിരയേും പോസ്റ്ററുകൾ വന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയാണെന്നായിരുന്നു പോസ്റ്റര്‍. സേവ് കോൺ​ഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona