ദേശീയ പാതയിൽ റോങ് സൈഡ് ഓടിച്ച ടിപ്പർ ലോറിക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി ആരംഭിച്ചു. ഡ്രൈവറുടെ ലൈസൻസും ലോറിയുടെ പെർമിറ്റും സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകും. തൃപ്പൂണിത്തുറ സ്വദേശി കണ്ണൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

കൊച്ചി: ദേശീയ പാതയിലെ ടിപ്പര്‍ ലോറിയുടെ റോങ് സൈഡ് ഡ്രൈവിംഗിൽ കര്‍ശന നടപടിയിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് നീങ്ങുന്നു. നിയമലംഘനം നടത്തിയ ടിപ്പർ ലോറിയുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാന്‍ ആര്‍ടി ഒ ശുപാര്‍ശ നല്‍കും. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുളള നടപടിയും തുടങ്ങി. ദേശീയ പാതയിൽ തൃശൂർ പുന്നയൂർ ഭാഗത്ത് റോങ് സൈഡ് കയറി വന്ന ലോറിയുടെ മരണപ്പാച്ചിലും കഷ്ടിച്ച് രക്ഷപ്പെട്ട തൃപ്പൂണിത്തുറ സ്വദേശി കണ്ണന്റെ അനുഭവവും ഏഷ്യാനെറ്റ് ന്യൂസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.

ദേശീയ പാതയിൽ നിർമാണം പൂർത്തിയായ തൃശൂർ പുന്നയൂർ ഭാഗത്ത് വെച്ച് ഈ മാസം 24 നായിരുന്നു സംഭവമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് പോകാനുള്ള അതിവേഗ ട്രാക്കിലൂടെയാണ് ലോഡ് നിറച്ച ടിപ്പർ ലോറി എതിർ ദിശയിലൂടെ കയറി വന്നത്. പെട്ടന്ന് ഭയന്ന് പോയ കാർ ഡ്രൈവർ, വാഹനം ഒരു വശത്തേക്ക് ഒതുക്കിയതിനാലാണ് വലിയ അപകടം ഒഴിവായത്. നിയമലംഘനങ്ങൾക്ക് 142 തവണ പിഴ ചുമത്തപ്പെട്ട ടിപ്പർ ലോറിയാണ് വീണ്ടും നിയമങ്ങൾ കാറ്റിൽ പറത്തിയതെന്ന് പിന്നീട് മോട്ടോർ വാഹന വകുപ്പിന്‍റെ രേഖകളിൽ നിന്നും വ്യക്തമായിരുന്നു.

അന്ന് കണ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്...

"മലപ്പുറത്തേക്ക് പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വണ്ടി നേരെ മുൻപിൽ അതേ ലൈനിൽ എതിർദിശയിൽ നിന്ന് വന്നത്. പരിഭ്രാന്തനായിപ്പോയി. ഭാര്യയും കുട്ടിയും അമ്മയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശരിക്കും നിലവിളിച്ചുപോയി. വാഹനം ഒരു വശത്തേക്ക് ഒതുക്കി റിലാക്സ് ചെയ്തിട്ടേ എടുക്കാനായുള്ളൂ"- കണ്ണൻ പറഞ്ഞു. തലനാരിഴയ്ക്ക് വലിയൊരു അപകടമാണ് ഒഴിവായത്.