പുലിയുടെ ഇടത് ഭാഗത്ത് മുന്നിലെ കാലിൽ ആഴത്തിൽ മുള്ളൻ പന്നിയുടെ മുള്ള് തറച്ച് കയറിയിരുന്നു. ഇന്നലെ രാത്രി കൊല്ലത്തെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി
പത്തനംതിട്ട: പത്തനംതിട്ട ആങ്ങമൂഴിയിൽ ഇന്നലെ തൊഴുത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ പുലിയുടെ മരണകാരണം മുള്ളൻ പന്നിയുടെ ആക്രമണം തന്നെ. മുള്ളൻപന്നിയുടെ ആക്രമണത്തിൽ മുള്ള് ശ്വാസകോശത്തിൽ തറഞ്ഞുകയറിയതാണ് മരണ കാരണം. ഇന്ന് കോന്നി ആനക്കൂട്ടിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്.
പുലിയുടെ ഇടത് ഭാഗത്ത് മുന്നിലെ കാലിൽ ആഴത്തിൽ മുള്ളൻ പന്നിയുടെ മുള്ള് തറച്ച് കയറിയിരുന്നു. ഇന്നലെ രാത്രി കൊല്ലത്തെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി മുള്ള് കാലിൽ നിന്ന് പുറത്തെടുത്തിരുന്നെങ്കിലും പുലി അവശനായിരുന്നു. ഇന്ന് രാവിലെ 9.30 യോടെയാണ് ചത്തത്.
ആറ് മാസം മാത്രം പ്രായമുള്ള പുലി ദിവസങ്ങളായി ആഹാരം കഴിച്ചിരുന്നില്ല. പുലിയെ കുമ്മണ്ണൂരിലെ വനത്തിനുള്ളിൽ സംസ്കരിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. മുരിപ്പെൽ സ്വദേശി സുരേഷിന്റെ വീട്ടിലെ തൊഴുത്തിൽ കുടുങ്ങിയ നിലയിലായിരുന്നു പുലിയെ ഇന്നലെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ റാന്നിയിലെ ആർആർടി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.
