തൃശ്ശൂർ: കഞ്ചാവ് കേസ് പ്രതി എക്സൈസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. 
മരണപ്പെട്ട മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാറിന്റെ പോസ്റ്റ്മോർട്ടം തൃശ്ശൂർ മെഡിക്കൽ കോളേജിൽ നാളെ നടക്കും. എക്സൈസ് കസ്റ്റഡിയിൽ മർദനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്സൈസ് മന്ത്രി പറഞ്ഞു

രാവിലെ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നാളെ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വരുന്നതോടെ രഞ്ജിത്തിന്റെ മരണകാരണം സംബന്ധിച്ച വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കസ്റ്റഡിയിൽ മർദനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കി

കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വച്ചാണ് ര‍ഞ്ജിത്ത് രണ്ട് കിലോ ക‍ഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ഗുരുവായൂരിൽ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാൾക്ക് അപസ്മാരമുണ്ടായെന്നും ഉടൻ ആശുപത്രിയിലെത്തിച്ചുവെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 

ആശുപത്രയിലെത്തുമ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്നും ശരീരം നനഞ്ഞിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു. രഞ്ജിത്തിന്റ പേരിൽ മലപ്പുറത്തും തൃശ്ശൂരിലുമായി നിരവധി കഞ്ചാവ് കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.