Asianet News MalayalamAsianet News Malayalam

പാരിപ്പള്ളിയിലെ കുഞ്ഞിന്‍റെ മരണം ന്യൂമോണിയ മൂലം: അടിച്ചതിന് അമ്മയ്ക്ക് എതിരെ കേസ്

അതീവഗുരുതരമായ ആരോഗ്യനിലയിലായിരുന്നു കുഞ്ഞെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

postmortem report says the death of four year old due to pneumonia
Author
Parippally, First Published Oct 6, 2019, 7:06 PM IST

കൊല്ലം: പാരിപ്പള്ളിയിലെ നാല് വയസുകാരി ദിയയുടെ മരണം സംബന്ധിച്ച ദുരൂഹത ഒഴിഞ്ഞു. ദിയയുടെ മരണം അമ്മയുടെ മര്‍ദ്ദനം മൂലമല്ലെന്നും കടുത്ത ന്യൂമോണിയയും മസ്തിഷ്ക ജ്വരവും മൂലമാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. ഗുരുതരാവസ്ഥയില്‍ പാരിപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസ് നിരീക്ഷണത്തിലായിരുന്നു. 

അതീവഗുരുതരമായ ആരോഗ്യനിലയിലായിരുന്നു കുഞ്ഞെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. കുട്ടിയുടെ കാലില്‍ അടിയേറ്റ പാടുകളുണ്ട്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ കമ്പ് കൊണ്ട് അടിച്ചെന്ന് അമ്മ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കാലിലേറ്റ അടി മരണകാരണമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പാരിപ്പള്ളിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു വന്ന കുഞ്ഞിനെ രക്തം ഛര്‍ദ്ദിച്ചതിനാല്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ചാണ് കുട്ടി മരിച്ചത്. മസ്തിഷ്ക ജ്വരം മൂലമാവാം കുട്ടി രക്തം ഛര്‍ദ്ദിച്ചതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ന്യൂമോണിയയും മസ്തിഷ്കജ്വരവും ചേര്‍ന്ന് വളരെ മോശം ആരോഗ്യസ്ഥിതിയിലായിരുന്നു കുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടിയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നോട്ടീസ് നല്‍കി കുട്ടിയുടെ മാതാപിതാക്കളെ വിട്ടയക്കുമെന്ന് പാരിപ്പള്ളി സിഐ രാജേഷ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മരിച്ച നാല് വയസുകാരി ദിയയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. അതേസമയം കുട്ടിയെ അടിച്ചതിന് അമ്മയ്ക്ക് എതിരെ ബാലനീതി വകുപ്പ് പ്രകാരം  കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. മരണാനന്തരചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം പൊലീസ് മുന്‍പാകെ ഹാജരാവാന്‍ അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios