സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ഇബി ഔദ്യോഗികമായി ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചു. വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. പ്രകൃതിയാണ് പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി പറയുമ്പോൾ, ഉപഭോഗം കുറയ്ക്കാൻ കർശന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ പത്ത് വർഷം നീണ്ട അവകാശവാദങ്ങളുടെ എല്ലാം ഫ്യൂസ് ഊരിയാണ് കെ എസ് ഇ ബി ലോഡ് ഷെഡ്ഡിംഗ് ഔദ്യോഗിമായത്. പ്രകൃതി ചതിച്ചെന്ന് പറഞ്ഞുകൊണ്ടാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി സംസ്ഥാനത്ത് ഇന്ന് മുതൽ അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറുകളിലായിരിക്കും വൈദ്യുതി നിയന്ത്രണമെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യതി വിതരണ പ്രസരണ ശൃംഘലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം കൂടിയേ തീരു എന്നാണ് വിശദീകരണം. ഊര്‍ജ്ജ സെക്രട്ടറി പങ്കെടുത്ത കെ എസ് ഇ ബി ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ മുന്‍ കൂട്ടി അറിയിക്കാതെയും അറിയിച്ചും നടത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ കെ എസ് ഇ ബി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വേനൽക്കാലം മുന്നിൽക്കണ്ടുള്ള മുന്നൊരുക്കം കെ എസ് ഇ ബി നടത്തിയില്ലെന്ന് റഗുലേററ്ററി കമ്മീഷൻ പോലും വിമര്‍ശിക്കുമ്പോള്‍ പ്രകൃതിയുടെ ചതിയെന്ന് വാദിക്കുകയാണ് മന്ത്രി.

കൂടിയ വിലക്ക് വൈദ്യുതി വാങ്ങാൻ നീക്കം

കൂടിയവിലക്ക് 250 മെഗാവാട്ട് വാങ്ങാൻ അനുമതി വേണമെന്ന കെ എസ് ഇ ബി ആവശ്യം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചെങ്കിലും കറണ്ട് കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇക്കാര്യത്തിൽ നാളെ തീരുമാനം ആകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര നിലയങ്ങളിൽ നിന്നുണ്ടായിരുന്ന 200 മെഗാവാട്ട് വാട്ടിന്‍റെ കുറവ് വൈകീട്ടോടെ പരിഹരിക്കുമെന്നാണ് കെ എസ് ഇ ബി അറിയിച്ചു. കേന്ദ്ര നിലയങ്ങളിൽ നിന്ന് തൽക്കാലം 200 മെഗാവാട്ട് എത്തിക്കാനായാൽ താത്കാലികാശ്വാസമാകും. വൈദ്യുതി ഉപയോഗത്തിൽ കടുത്ത നിയന്ത്രണത്തിനും നി‍‍ര്‍ദ്ദേശമുണ്ട്. 6 മുതൽ 12 വരെയുള്ള സമയത്ത് വാഹന ചാർജ്ജിംഗ് പാടില്ല. എ സി യഥേഷ്ടം ഉപയോഗിക്കരുത്. 24 മുതൽ 24 ഡിഗ‌ി വരെയാക്കി താപനില ക്രമീകരിക്കണം. ഈ സമയത്ത് ഇന്‍റക്ഷൻ കുക്കറുകൾ പ്രവർത്തിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.