Asianet News MalayalamAsianet News Malayalam

കേരളത്തിൽ വീണ്ടും പവർകട്ട് വേണ്ടിവരുമോ? കൽക്കരി പ്രതിസന്ധി ചർച്ച ചെയ്യാൻ ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്നലെയാണ് വ്യക്തമാക്കിയത്

power cut again implement in kerala, cm pinarayi vijayan summon meeting to discuss coal shortage
Author
Thiruvananthapuram, First Published Oct 11, 2021, 12:48 AM IST

തിരുവനന്തപുരം: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ (chief minister Pinarayi Vijayan) നേതൃത്വത്തിൽ അവലോകന യോഗം ചേരും. സംസ്ഥാനത്ത് പവർകട്ട് (load shedding) വേണ്ടിവരുമെന്നതടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ചയാകും. പ്രതിസന്ധി തുടർന്നാൽ പവർക്കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് (Electricity department) മന്ത്രി കെ കൃഷ്ണൻകുട്ടി (Minister K Krishnankutty) വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ കൽക്കരി ക്ഷാമം രൂക്ഷമാകുന്നതാണ് കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്. കോഴിക്കോട് ഡീസൽ താപനിലയത്തിന്റെ പ്രവർത്തനത്തിന് ഇന്ധനം ബിപിസിഎലിനോട് ആവശ്യപ്പെടാനാണ് കെഎസ്ഇബിയുടെ നീക്കം.

സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്നലെയാണ് വ്യക്തമാക്കിയത്. രാജ്യത്തെ കൽക്കരി ക്ഷാമം (Coal scarcity in India) കേരളത്തെയും ബാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതിൽ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്‍റെ 30 ശതമാനം വൈദ്യുതി മാത്രമാണ് കിട്ടുന്നത്. ഈ സാഹചര്യം തുടർന്നാൽ പവർ കട്ട് നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. 

ജല വൈദ്യുത പദ്ധതികൾ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോർഡിന്  സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമായതിനാൽ കേരളത്തില്‍ വലിയ തോതിൽ വൈദ്യുതി ഉപയോഗം കുറയാറുണ്ട്. അതിനാൽ അടുത്ത വേനൽക്കാലമാകുമ്പോഴേക്കും പ്രതിസന്ധി തുടർന്നാൽ വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടേണ്ടി വരുമെന്നാണ് വിവരം. വ്യവസായ മേഖലയ്ക്ക് പ്രശ്നങ്ങളില്ലാത്ത രീതിയിലാകും പവർകട്ട് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷമാണ്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങി. പഞ്ചാബിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും പവർകട്ട്  പ്രഖ്യാപിച്ചു. ദില്ലിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകി. കൽക്കരി വിതരണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്.

എന്നാൽ മതിയായ വൈദ്യുതിയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. രാജ്യത്ത് കൽക്കരി ക്ഷാമമോ വൈദ്യുതി രംഗത്ത് പ്രതിസന്ധിയോ ഇല്ലെന്ന് കേന്ദ്ര കൽക്കരി മന്ത്രി പ്രഹ്ളാദ് ജോഷി (Pralhad Joshi) അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രിക്ക് പിന്നാലെയാണ് കൽക്കരി മന്ത്രിയുടെ പ്രസ്താവന. എന്നാൽ പ്രതിസന്ധി നിഷേധിച്ചിട്ട് കാര്യമില്ലെന്നും കേന്ദ്രസർക്കാർ (Central Government) പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് ദില്ലി ഉപമുഖ്യമന്ത്രി (Delhi Deputy CM) മനീഷ് സിസോദിയ രംഗത്തെത്തിയിരുന്നു.

രാജ്യത്തെ താപ വൈദ്യുത നിലയങ്ങൾക്ക് അടുത്ത 24 ദിവസത്തേക്ക് വേണ്ട കൽക്കരി കൈയ്യിലുണ്ടെന്നാണ് കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി പറയുന്നത്. 43 ദശലക്ഷം ടൺ കൽക്കരിയാണ് കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ സ്റ്റോക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മൺസൂൺ കഴിഞ്ഞ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഉൽപ്പാദനം വർധിപ്പിക്കാനാവുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.

 

Follow Us:
Download App:
  • android
  • ios