സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം ഉപഭോഗം വർധിച്ചതും രാജ്യവ്യാപകമായി വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് കാരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും കാരണം ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് കാരണമാണ് നിയന്ത്രണം വേണ്ടി വരുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നു.

കഴിഞ്ഞ ദിവസം രാത്രി 10:30 ന് രേഖപ്പെടുത്തിയ 5349 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽ കാലങ്ങളിൽ രേഖപ്പെടുത്തിയ ഡിമാൻഡിന് തുല്യമാണെന്നും പറയുന്നു. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1100 മെഗാവാട്ട് വരെ കൂടിയെന്നും വ്യക്തമാക്കി. കൂടാതെ മധ്യപ്രദേശിൽ നിന്നും കൈമാറ്റകരാര്‍ (SWAP) വഴി ലഭ്യമായിരുന്നതുമായ 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കാത്തിനാൽ ഇന്ന് 200 മെഗാവാട്ടിന്റെ അധികകുറവുകൂടി നേരിടുന്നു. ഏകദേശം 900 മുതൽ 1000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും വിശദീകരിച്ചു.