ഇടുക്കി: ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോൽപാദനം താത്കാലികമായി നിർത്തി. ജനറേറ്ററുകൾ നവീകരണ ജോലികൾക്കായി കയറ്റിയതോടെയാണ് വൈദ്യുതോൽപാദനം നിർത്തിവച്ചത്. സംസ്ഥാനത്ത് വൈദ്യുത തടസ്സമുണ്ടാകില്ലെന്നും ഏഴ് ദിവസത്തിന് ശേഷം വൈദ്യുതോൽപാദനം പുനരാരംഭിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

ഇന്ന് രാവിലെ എട്ടു മണി മുതലാണ് മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോൽപാദനം കെഎസ്ഇബി നിർത്തിയത്. 780 മെഗാവാട്ട് വൈദ്യുതോൽപാദന ശേഷിയുള്ള മൂലമറ്റത്ത് ആറ് ജനറേറ്ററുകളാണുള്ളത്. നവീകരണ ജോലികളുടെ ഭാഗമായി ഇതിൽ മൂന്ന് ജനറേറ്ററുകളുടെ പ്രവർത്തനം കഴിഞ്ഞ മാസം നിർത്തിയിരുന്നു. മറ്റ് മൂന്ന് ജനറേറ്ററുകൾ കൂടി ഇന്ന് നവീകരണ ജോലികൾക്കായി കയറ്റിയതോടെയാണ് വൈദ്യുതോൽപാദനം നി‍ലച്ചത്.

ജനറേറ്ററുകളിലെ കൂളിംഗ് സംവിധാനത്തിലെ തകരാർ പരിഹരിക്കുന്നതിനും കൺട്രോൾ ഗേറ്റിലെ അറ്റകുറ്റപണികൾക്കും കൂടിയാണ് ജനറേറ്ററുകളുടെ പ്രവ‍ർത്തനം താത്കാലിമായി നർത്തിയതെന്ന് കെഎസ്ഇബി അറിയിച്ചു. ഈ മാസം 17 മുതൽ ഓരോ ജനറേറ്ററുകൾ വീതം പ്രവർത്തിപ്പിച്ച് തുടങ്ങും. ഉത്പാദനം നിർത്തിയതോടെ സംസ്ഥാനത്ത് പ്രതിദിനം 300 മെഗാവാട്ടോളം വൈദ്യുതിയുടെ കുറവ് വരും. പുറത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്നതിനാലും ഉപഭോഗം കുറഞ്ഞ് നിൽക്കുന്നതിനാലും സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകില്ല.

 ഇടുക്കി ഡാമിൽ 76.57 ശതമാനം വെള്ളമുണ്ട്. വൈദ്യുതോൽപാദനം നി‍ർത്തിയതിനാൽ ഈ വെള്ളം വേനൽക്കാലത്ത് പ്രയോജനപ്പെടുത്താനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.