കഴിഞ്ഞ വർഷത്തേക്കാൾ നാല് ശതമാനം കൂടുതലാണിത്. ഡാം തുറന്ന 2018ൽ ഈ സമയത്ത് 25 ശതമാനത്തോളം വെള്ളം മാത്രമാണ് അണക്കെട്ടിലുണ്ടായിരുന്നത്
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോത്പാദനം കൂട്ടി. ശരാശരിയേക്കാൾ ഇരട്ടി യൂണിറ്റാണ് നിലവിലെ പ്രതിദിന ഉത്പാദനം. ഡാമിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറടി വെള്ളം കൂടി നിൽക്കുന്നതാണ് വൈദ്യുതോൽപാദനം കൂട്ടിയതിന് പിന്നിൽ. നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2341.4 അടിയാണ്. ആകെ ശേഷിയുടെ 39 ശതമാനം വെള്ളം.
കഴിഞ്ഞ വർഷത്തേക്കാൾ നാല് ശതമാനം കൂടുതലാണിത്. ഡാം തുറന്ന 2018ൽ ഈ സമയത്ത് 25 ശതമാനത്തോളം വെള്ളം മാത്രമാണ് അണക്കെട്ടിലുണ്ടായിരുന്നത്. കാലവർഷം എത്തിയെങ്കിലും ഇടുക്കിയിൽ ഇതുവരെ മഴ ശക്തമായിട്ടില്ല. മഴ എത്തുന്നതിന് മുന്പേ അണക്കെട്ടിൽ ഇത്രയും വെള്ളമുണ്ടാകുന്നത് അപൂർവം. ഈ സാഹചര്യത്തിലാണ് ജലനിരപ്പ് കുറയ്ക്കാനായി വൈദ്യുതോത്പാദനം കൂട്ടിയത്.
മൂലമറ്റത്തെ പരമാവധി ഉത്പാദന ശേഷി 780 മെഗാവാട്ടാണ്. നിലവിലെ പ്രതിദിന ഉത്പാദനം 560 മെഗാവാട്ട്. ആറ് ജനറേറ്ററുകളിൽ ഒരെണ്ണം വാർഷിക അറ്റകുറ്റ പണിയ്ക്ക് കയറ്റിയതൊഴിച്ചാൽ ബാക്കി അഞ്ചും പ്രവർത്തനക്ഷമം. ആവശ്യമെങ്കിൽ വൈദ്യുതോൽപാദനം ഇനിയും ഉയർത്തുവാനാണ് കെഎസ്ഇബിയുടെ തീരുമാനം. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ 131.25 അടി വെള്ളമുണ്ട്. അനുവദനീയമായ പരമാവധി സംഭരണശേഷി 142 അടി. മുല്ലപ്പെരിയാർ തുറക്കേണ്ടി വന്നാൽ വെള്ളം ഒഴുകിയെത്തുക ഇടുക്കി അണക്കെട്ടിലേക്ക്. ഇതുകൂടി പരിഗണിച്ചാണ് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്.
