പേർഷ്യൻ ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഗുരുതരമെന്ന് റിപ്പോർട്ട്. ഈ ആക്രമണങ്ങൾ യുഎസ് സൈനിക ഉപകരണങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കുകയും ബില്യൺ കണക്കിന് ഡോളറിന്റെ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തു. ഇതേത്തുടർന്ന് അമേരിക്കൻ സൈനിക ബജറ്റ് വലിയ പ്രതിസന്ധി നേരിടുകയാണ്.

വാഷിംഗ്ടൺ: പേർഷ്യൻ ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ പുറത്തുവന്നതിനേക്കാൾ അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. മേഖലയിലെ യുഎസ് താവളങ്ങൾക്കും സൈനിക ഉപകരണങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും ഇവയുടെ അറ്റകുറ്റപ്പണികൾക്കായി ബില്യൺ കണക്കിന് ഡോളർ ചെലവാകുമെന്നും ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതൽ മേഖലയിലെ ഏഴോളം രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു.

സൈനിക സംഭരണശാലകൾ, കമാൻഡ് സെന്‍ററുകൾ, വിമാന ഹാങ്ങറുകൾ, സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയ്ക്ക് ആക്രമണത്തിൽ വൻതോതിൽ കേടുപാടുകൾ സംഭവിച്ചു. റൺവേകൾ, റഡാർ സംവിധാനങ്ങൾ, അത്യാധുനിക യുദ്ധവിമാനങ്ങൾ എന്നിവയും തകർക്കപ്പെട്ടു. അമേരിക്കയുടെ കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ഇറാന്‍റെ പഴയ എഫ്-5 യുദ്ധവിമാനം വരെ ആക്രമണം നടത്തിയത് പെന്‍റഗണിനെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം, നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ യുഎസ് പ്രതിരോധ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

വലിയ പ്രതിസന്ധി

വിവരങ്ങൾ കൈമാറുന്നതിലെ ഈ സുതാര്യമില്ലായ്മയിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്. സഭയിൽ റെക്കോർഡ് ബജറ്റ് ആവശ്യപ്പെടുന്ന പെന്‍റഗൺ, യഥാർത്ഥത്തിൽ സംഭവിച്ച ആഘാതം മറച്ചുവെക്കുകയാണെന്ന് അവർ ആരോപിക്കുന്നു. യുദ്ധത്തിന്‍റെ ആദ്യ ആഴ്ചയിൽ തന്നെ സൈനിക നീക്കങ്ങൾക്കായി 11 ബില്യൺ ഡോളറിലധികം അമേരിക്ക ചെലവാക്കി കഴിഞ്ഞു. ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പ്രത്യാക്രമണം അമേരിക്കൻ സൈനിക ബജറ്റിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

2026-ലേക്കായി നിലവിൽ അനുവദിച്ച 838.5 ബില്യൺ ഡോളറിന് പുറമെ, ഇറാനിലെ ട്രംപിന്റെ സൈനിക നീക്കങ്ങൾക്കായി 200 ബില്യൺ ഡോളർ കൂടി പെന്‍റഗൺ അധികമായി ആവശ്യപ്പെട്ടേക്കും. യുദ്ധം തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതിരോധ ബജറ്റിൽ 50 ശതമാനം വർദ്ധനവ് വരുത്തി 1.5 ട്രില്യൺ ഡോളർ വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. താവളങ്ങൾക്കുണ്ടായ വൻ തകർച്ച കൂടി പരിഗണിക്കുമ്പോൾ അമേരിക്കയുടെ സാമ്പത്തിക ബാധ്യത ഇനിയും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.