നിലപാടിലുറച്ച് ശശി തരൂർ; 'സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും, ലേഖനമെഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെയും കേരള സര്‍ക്കാരിനെയും പ്രശംസിച്ചതിൽ നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ പിന്തുണയ്ക്കുമെന്നും ശശി തരൂര്‍ പറ‍ഞ്ഞു

praising pm modi trump meeting congress mp shashi tharoor response on latest controversy If the government does good things, will support

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയിലും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനത്തിലും നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങള്‍ അംഗീകരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപണം വേണമെന്നാണ് ലേഖനത്തിന്‍റെ അവസാന ഭാഗത്ത് പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണം. തന്‍റെ നിലപാടിൽ മാറ്റമില്ല. വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയത്.

കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. വിദേശകാര്യങ്ങളിൽ രാജ്യതാല്‍പര്യം നോക്കണം. അതിൽ രാഷ്ട്രീയ താല്‍പര്യം നോക്കരുത്. ഇതാണ് തന്‍റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം സിപിഎം നൽകിയ റാങ്കിങ് അല്ലെന്നും ദേശീയ റാങ്കിങ് ആണെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്ന് ചിലര്‍ വിളിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

വികസനത്തിന് വേണ്ടി ആര് പ്രവർത്തിച്ചാലും സ്വീകരിക്കണം. ജനങ്ങൾ രാഷ്ട്രീയം ഒരുപാട് കണ്ടിട്ടുള്ളതാണ്. ഭരണപക്ഷം എന്ത് ചെയ്യുന്നതും തെറ്റാണെന്ന് കരുതരുത്. വിഷയാടിസ്ഥാനത്തിലാണ് താൻ കാര്യങ്ങള്‍ പറഞ്ഞത്. കുറെ വര്‍ഷങ്ങളായി കേരളത്തിന്‍റെ അവസ്ഥ വളരെ മോശമാണ്. ഇപ്പോള്‍ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാൻ ആര് തയ്യാറായോ അത് സ്വീകരിക്കണം.

അവരുടെ തെറ്റുകളെ നമ്മള്‍ ചൂണ്ടികാണിക്കണം. ചില വിഷയങ്ങളിൽ ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് അതിനെ രാഷ്ട്രീയത്തിനതീതമായി പിന്തുണയ്ക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. മോദി-ട്രംപ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രസ്താവനയിലും തരൂര്‍ ഉറച്ചു നിന്നു. താൻ കേരളീയനായിട്ടും ഭാരതീയനായിട്ടും ചിന്തിക്കുന്ന വ്യക്തിയാണെന്ന് ശശി തരൂര്‍ പറഞ്ഞു. തന്‍റെ പ്രസ്താവനയോട് യോജിക്കാത്ത നേതാക്കളുടെ അഭിപ്രായത്തിൽ യാതൊരു പ്രശ്നവുമില്ല. താൻ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവല്ല. വ്യക്തിപരമായാണ് താൻ കാര്യങ്ങള്‍ പറയുന്നത്. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമില്ല. 
 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള  കോണ്‍ഗ്രസ് നേതാക്കള്‍ അടിമുടി വിമര്‍ശിക്കുമ്പോഴായിരുന്നു തരൂരിന്‍റെ പുകഴ്ത്തൽ. മോദിയുടെയും ട്രംപിന്‍റെയും പ്രസ്താവനകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും വ്യാപാര മേഖലയില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നുമാണ് തരൂര്‍ പറഞ്ഞത്.

നിക്ഷേപം ആകര്‍ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികളെയും ശശി തരൂര്‍ അഭിനന്ദിച്ചിരുന്നു. സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലീഷ് ദിനപത്രത്തിൽ തരൂരിന്‍റെ ലേഖനം. നാടിന്‍റെ വളര്‍ച്ച ക്യാപ്പിറ്റലിസത്തിലാണെന്ന് ബംഗാളിലേതുപോലെ കേരളത്തിലെ കമ്യൂണിസ്റ്റുകളും മനസ്സിലാക്കിയെന്നാണ് തരൂരിന്‍റെ നിരീക്ഷണം.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തി തരൂർ; നിലപാ‍ട് 'വ്യക്തിപരം'; തള്ളി കോൺഗ്രസ്

 

Latest Videos
Follow Us:
Download App:
  • android
  • ios