'സുരേഷ്ഗോപിയുടെ പദയാത്രക്ക് ലഭിച്ച സ്വീകാര്യത കേരളം മാറ്റമാഗ്രഹിക്കുന്നതിന് തെളിവ്,ബിജെപി 5 സീറ്റുകൾ നേടും '
ലോക്സഭയിലേക്ക് മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പ്രകാശ് ജാവദേക്കര്‍. കുറഞ്ഞത് അറുപത് സീറ്റുകൾ നേടി ഇത്തവണ തെലങ്കാന ബിജെപി പിടിക്കും

ദില്ലി:കുറഞ്ഞത് അറുപത് സീറ്റുകൾ നേടി ഇത്തവണ തെലങ്കാന ബിജെപി പിടിക്കുമെന്ന് പ്രകാശ് ജാവ്ദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കോൺഗ്രസും ബിആർഎസും എംഐഎമ്മും ഒന്നാണെന്ന് ജനം തിരിച്ചറിഞ്ഞു. കോൺഗ്രസ് വിജയിക്കുമെന്ന് സർവേ ഫലങ്ങളുണ്ടെങ്കിലും യാഥാർത്ഥ്യം തങ്ങൾക്കറിയാം. കേരളത്തിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 5 സീറ്റുകൾ നേടുമെന്നും, ലോക്സഭയിലേക്ക് മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും തെലങ്കാനയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജാവ്ദേക്കർ പറഞ്ഞു.
കേരള ബിജെപിയുടെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ മാസങ്ങളായി തെലങ്കാനയിൽ ക്യാമ്പ് ചെയ്താണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നത്. സംസ്ഥാന രൂപീകരണം മുതൽ കെ ചന്ദ്രശേഖരറാവു ഭരിക്കുന്ന സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കോൺഗ്രസിന് വോട്ട് ചെയ്താലും വൈകാതെ നേതാക്കൾ ബിആർഎസിലെത്തും, ഹൈദരാബാദിലടക്കം നിർണായക ശക്തിയായ അസദുദീൻ ഒവൈസിയുടെ എംഐഎമ്മും ബിആർഎസിനെ പിന്തുണയ്ക്കുന്നു. അതുകൊണ്ട് യഥാർത്ഥ പ്രതിപക്ഷം തങ്ങളാണെന്നാണ് ബിജെപി പ്രചാരണം. ദില്ലി മദ്യനയ കേസിൽ കെസിആറിന്‍റെ മകൾ കവിതയ്ക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണമടക്കം ഉയർത്തിക്കാട്ടി അമിത് ഷായടക്കമുള്ള പ്രധാന നേതാക്കൾ സംസ്ഥാനത്ത് അടിക്കടിയെത്തി പ്രചാരണം കൊഴുപ്പിക്കുന്നു. എന്നാൽ കോൺഗ്രസ് അധികാരം പിടിക്കുമെന്നാണ് സർവേ ഫലങ്ങൾ ഈയിടെ പുറത്തുവന്നത്.
തെലങ്കാന തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാനാണ് ജാവ്ദേക്കറുടെ തീരുമാനം. സുരേഷ് ഗോപിയുടെ പദയാത്രക്ക് ലഭിച്ച സ്വീകാര്യത കേരളവും മാറ്റമാഗ്രഹിക്കുന്നതിന് തെളിവാണെന്നും ജാവദേക്കർ പറയുന്നു.