കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്  സര്‍ക്കാരിനെ ദുർബലപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. കിഫ്ബിക്കെതിരായ നീക്കം ഇതാണ് സൂചിപ്പിക്കുന്നതെന്നും പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. 

കോഴിക്കോട്: കേരളത്തിലെ എല്‍ഡിഎഫ് സർക്കാരിനെ കേന്ദ്ര സർക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സര്‍ക്കാരിനെ ദുർബലപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. കിഫ്ബിക്കെതിരായ നീക്കം ഇതാണ് സൂചിപ്പിക്കുന്നതെന്നും പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. വികസനത്തെ തടസ്സപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്രം വിഭവങ്ങൾ കൃത്യമായി പങ്കുവെക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യസമരം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നിന്ന് പോരാടി നേടിയതാണ്. ഇന്ത്യക്കാർ എന്ന ഒറ്റ വികാരത്തിൽ നടത്തിയ പോരാട്ടമാണ്. സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ഭഗത് സിംഗിന്‍റെ നേതൃത്വത്തിലും പോരാട്ടം നടന്നു. ബംഗാളിലും പഞ്ചാബിലും നടന്ന പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി സജീവമായി പങ്കെടുത്തു. സ്വാതന്ത്ര്യം നേടിത്തന്നവരെ നമുക്ക് ആദരിക്കാമെന്നും പ്രകാശ് കാരാട്ട് കോഴിക്കോട് പറഞ്ഞു. 75 വർഷം ആഘോഷിക്കുമ്പോൾ രാജ്യത്തിന്‍റെ പാരമ്പര്യവും ഏറ്റെടുക്കുകയാണ് മോദി. എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാൻ പാർലിമെന്‍റിൽ അനുവദിക്കുന്നില്ലെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെട്ടുത്തി. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.

Also Read: ഫെഡറലിസം അട്ടിമറിക്കപ്പെടുന്നു, സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ കാഴ്ചക്കാരാക്കുന്നെന്നും മുഖ്യമന്ത്രി

അതിനിടെ, ബിജെപിക്ക് സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കാളിത്തവുമില്ലെന്നും ദേശീയപതാകയെ വരെ അപഹസിച്ച ചരിത്രമാണ് അവർക്കുള്ളതെന്നും സിപിഎ൦ പോളിറ്റ് ബ്യൂറോ അ൦ഗം ബൃന്ദാ കാരാട്ട് വിമര്‍ശിച്ചു. ദേശാഭിമാനികളുടെ പേരിനൊപ്പ൦ വി ഡി സ൪വ൪ക്കറുടെ പേരും പ്രധാനമന്ത്രി പരാമർശിച്ചു. ഇത് രാജ്യത്തിനായി പോരാടിയവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി. പാലക്കാട്ടെ സിപിഎം പ്രവർത്തകൻ ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായും ബൃന്ദാ കാരാട്ട് കൊച്ചിയില്‍ പറഞ്ഞു. 

മോദിയെ പരിഹസിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. വൻകിടക്കാരുടെ പത്ത് ലക്ഷം കോടി കടം എഴുതി തള്ളിയത് സ്വജനപക്ഷപാതമാണോ എന്ന് സീതാറാം യെച്ചൂരി ചോദിച്ചു. കുടുംബ വാഴ്ച ഇല്ലാതാക്കണമെന്ന മോദിയുടെ സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.