മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്ന് പ്രമോദ് നാരായണൻ എംഎൽഎ. ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്ന കൃത്യമായ നിലപാട് തന്നെയാണ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട: മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്ന് പ്രമോദ് നാരായണൻ എംഎൽഎ. ഇക്കാര്യം ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് എത്തിയ പ്രമോദ് പറഞ്ഞു. ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്ന കൃത്യമായ നിലപാട് തന്നെയാണ് വ്യക്തമാക്കുന്നത്. അത് തന്നെയാണ് പാര്‍ട്ടിയുടേയും നിലപാട്. അതിനപ്പുറത്തേക്കുള്ള ഒരു ചര്‍ച്ചക്കും പ്രസക്തിയില്ലെന്നും പ്രമോദ് നാരായണൻ പറഞ്ഞു.

പുറമേ മറ്റു വാദങ്ങൾ നിഷേധിക്കുകയാണെങ്കിലും അണിയറയിൽ മുന്നണി മാറ്റത്തിനായി സജീവമായ നീക്കമാണ് കേരള കോൺഗ്രസ് എം നടത്തി വരുന്നത്. റോഷിയുമായി സിപിഎം ആശയ വിനിമയം തുടരുന്നുണ്ടെങ്കിലും ജോസ് കെ മാണി പോകില്ലെന്ന് ഉറപ്പിക്കാനാകാത്ത അവസ്ഥയിലാണ് സിപിഎം. എൽഡിഎഫിലേക്ക് എത്തിയ കാലം മുതൽ ചോദിക്കുന്നത് എല്ലാം നൽകിയാണ് മുന്നണി ജോസിനെ ഒപ്പം നിർത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള കാരണമില്ലാതെ മുന്നണി മാറ്റം വിശ്വസിക്കാൻ കഴിയാത്ത പാർട്ടി എന്ന പ്രതിച്ഛായ ഉണ്ടാക്കും. ഇത് ജോസ് കെ മാണിക്ക് മുന്നിലെ പ്രതിസന്ധിയാണ്. കൂടാതെ, മുന്നണി വിട്ടാൽ മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും ഒപ്പം ഉണ്ടാകില്ല. താൻ ഒരു സത്യക്രിസ്ത്യാനി ആണെന്നും ധാർമികതയ്ക്ക് വിരുദ്ധമായത് ഒന്നും ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും ആണ് റോഷി അഗസ്റ്റിൻ ഇന്നലെ പറഞ്ഞത്. ജോസ് കെ മാണി മുന്നണിയിൽ വരുന്നതിനോട് താല്‍പര്യം ഇല്ലെന്ന് പിജെ ജോസഫ് തുറന്നു പറഞ്ഞിട്ടുണ്ട്.