Asianet News MalayalamAsianet News Malayalam

'സികെ ജാനു കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ?'; പ്രസീത - കെ സുരേന്ദ്രൻ പുതിയ ശബ്ദരേഖ പുറത്ത്

'ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗിൽ വച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്' എന്ന് സംഭാഷണത്തിൽ പറയുന്നു

Praseetha published another phone conversation with K Surendran on CK Janu bribery case
Author
Kannur, First Published Jun 12, 2021, 4:13 PM IST

കണ്ണൂർ: പ്രസീതയുടെയും കെ സുരേന്ദ്രന്റെയും പുതിയ ശബ്ദരേഖ പുറത്ത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്. സികെ ജാനുവുമായുള്ള കാര്യങ്ങളൊന്നും കൃഷ്ണദാസ് അറിയരുതെന്ന് ശബ്ദരേഖയിൽ സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്.

'ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗിൽ വച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്' എന്നും 'രാവിലെ ഒൻപത് മണിയോടെ കാണാനെത്താം' എന്നും 'സികെ ജാനു കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ' എന്നുമൊക്കെ ശബ്ദരേഖയിൽ പറയുന്നുണ്ട്. സികെ ജാനുവിന് എൽഡിഎഫ് വിട്ട് എൻഡിഎയുടെ ഭാഗമാകാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയും നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു.

പ്രസീത ഏഷ്യാനെറ്റ് ന്യൂസിനോട്

സികെ ജാനുവിന്റെ വീട്ടിൽ പോയി മുന്നണി മാറ്റത്തെ കുറിച്ച് സംസാരിച്ച ഘട്ടത്തിൽ, കൃഷ്ണദാസ് വിളിച്ച കാര്യം അവർ പറഞ്ഞിരുന്നു. എന്നാൽ അങ്ങിനെയൊരു തീരുമാനം ഇപ്പോഴെടുക്കേണ്ട എന്നായിരുന്നു സികെ ജാനുവിന്റെ നിലപാട്. ആ സമയത്ത് മുസ്ലിം ലീഗ് ഒരു സീറ്റ് വാഗ്ദാനം ചെയ്ത് നിൽക്കുന്നതായത് കൊണ്ടാണ് അങ്ങിനെ ഒരു നിലപാട് എടുത്തതെന്നാണ് ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ അത് നടക്കാതെ പോയി. പിന്നീടാണ് കെ സുരേന്ദ്രനുമായി ഒരു കൂടിക്കാഴ്ച നടത്തണമെന്ന് പറഞ്ഞത്. അപ്പോൾ അനുകൂല നിലപാട് സ്വീകരിച്ചു. 

ബിജെപിക്ക് അകത്തെ ചേരിതിരിവ് കൊണ്ടാകാം കൃഷ്ണദാസിനോട് ഇക്കാര്യം പറയേണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞത്. വിട്ടുപോയ ഘടകകക്ഷികളെ തിരികെ കൊണ്ടുവരണമെന്ന ഒരു തീരുമാനം ഉണ്ടായിരുന്നു. സികെ ജാനുവിനെ കൊണ്ടുവരണമെന്ന് കൃഷ്ണദാസും സുരേന്ദ്രനും തീരുമാനിച്ചിട്ടുണ്ടാകാം. കൃഷ്ണദാസ് അറിയുന്നതിൽ ഒരു പേടി അദ്ദേഹത്തിനുണ്ടായിരുന്നു. കൊടുക്കുന്നതിന് ഒരു മണിക്കൂർ മുൻപേയാണ് ഞങ്ങൾ സംസാരിച്ചത്. കൃഷ്ണദാസുമായി ഇപ്പോഴും അവർക്ക് നല്ല ബന്ധമാണ്. മുട്ടിൽ മരംമുറി കേസിൽ സികെ ജാനുവും അവരെല്ലാംവരും ഒരുമിച്ചാണ് ഇന്നലെ അവിടം സന്ദർശിച്ചത്. ഇത്രയും വിഷയങ്ങൾ ഉള്ളപ്പോഴും സികെ ജാനുവിനെ സംരക്ഷിച്ചാണ് ബിജെപി പോകുന്നത്. 
 

Follow Us:
Download App:
  • android
  • ios