തിരുവനന്തപുരം: കൊടിയോ അടിയോ അക്രമമോ ഉണ്ടാകാതെ സഹനത്തോടെ യുവതീ പ്രവേശനം തടയാന്‍ തന്നെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര‍് ഗോപാലകൃഷ്ണന്‍. റിവ്യു ഹര്‍ജിയടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്ന കാര്യമാണ്. സുപ്രീംകോടതി വിധിക്ക് ശേഷം നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിട്ടുണ്ട്. അടുത്ത തവണ അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസും നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഇത് വലിയ പ്രതീക്ഷയാണെന്നും പ്രയാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഇപ്പോള്‍ ഭക്തന്‍മാര്‍ക്കിടിയില്‍  സഹിഷ്ണുതയും സഹനവും നിലനില്‍ക്കുന്നുണ്ട്. അതിന് കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇടത് സര്‍ക്കാരും വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറഞ്ഞതുകൊണ്ടാണ്. എന്നാല്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുകയും നിരീശ്വരവാദം പ്രചരിപ്പക്കുകയുമാണ് സിപിഎം. അത് ശബരിമല വിഷയത്തില്‍ ആവര്‍ത്തിച്ചാല്‍ വിശ്വാസികള്‍ വീണ്ടും സഹനസമരത്തിനിറങ്ങും.

പാലായ്ക്ക് ശേഷം ശബരിമലയില്‍ സിപിഎം കളംമാറ്റി

പാല പോലൊരു നിയോജക മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കമാണ് യുഡിഎഫിന്‍റെ തോല്‍വിക്ക് കാരണം. ശബരിമല വിഷയം അവിടെ ചര്‍ച്ചചെയ്തിട്ടില്ല. അവിടത്തെ ജനവിധിയും ശബരിമലയും തമ്മില്‍ ബന്ധമില്ല. അങ്ങനെ സിപിഎം പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമുള്ള സര്‍ക്കാറിന്‍റെ കളംമാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. കോടിയേരിയുടെ മകനെ കെട്ടുംകെട്ടി ശബരിമലയ്ക്ക് അയക്കുന്നു. വിഎസിന്‍റെ മകനും എല്ലാ മാസവും ശബരിമല ദര്‍ശനം നടത്തുന്നുണ്ട്. ശബരിമല വിഷയത്തില്‍ അടവുനയമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. അത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തിരുത്തുകയാണെങ്കില്‍  വിശ്വാസികള്‍ വീണ്ടും ഇറങ്ങേണ്ടി വരും.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം

പാര്‍ട്ടിയെടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കും. വട്ടിയൂര്‍ക്കാവില്‍ ശബരിമല തീര്‍ച്ചയായും ചര്‍ച്ചയാകും. ശബരിമല ചര്‍ച്ചയാകുന്ന ഇടങ്ങളിലെല്ലാം സംസാരിക്കാനും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സംസാരിക്കാനും പോകും. കുടുംബയോഗങ്ങളില്‍ സംസാരിക്കാനാണ് ഇഷ്ടം. പബ്ലിക് മീറ്റിങ്ങിനപ്പുറം വിഷയത്തില്‍ ആഴത്തില്‍ സംസാരിക്കാന്‍ സാധിക്കും. 

ഹര്‍ജി ഹിന്ദുവിന് വേണ്ടി മാത്രമല്ല, മുസ്ലിം, ക്രിസ്തു വിശ്വാസികള്‍ക്കും കൂടി വേണ്ടി

ശബരിമല വിഷയത്തിലെ ഹര്‍ജി വിശ്വാസവുമായി ബന്ധപ്പെട്ടാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവുമാണ് അതില്‍ പ്രതിപാദിക്കുന്നത്. അത് ഹിന്ദുവിനെ മാത്രം സംബന്ധിക്കുന്ന വിഷയമല്ല. മുസ്ലിമിന്‍റെ ശരിഅത്ത് നിയമത്തിനെതിരെ എന്തെങ്കിലും വന്നാല്‍ അന്ന് ഹിന്ദുവും ക്രിസ്ത്യനും എല്ലാവരും അവര്‍ക്കൊപ്പം നില്‍ക്കണം. ചര്‍ച്ച് ആക്ട് കൊണ്ടുവരികയാണെങ്കില്‍ അപ്പോള്‍ വിശ്വാസികള്‍ അവര്‍ക്കൊപ്പവും നില്‍ക്കണം. വിശ്വാസികളുടെ മുന്നേറ്റമാണ് ഇന്ത്യക്കാവശ്യം.