ഗർഭിണിക്ക് രക്തം മാറി നൽകി; സംഭവം പൊന്നാനി മാതൃശിശു ആശുപത്രിയിൽ
ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് ഗര്‍ഭിണിക്ക് നൽകിയത്. ഇവര്‍ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി. പൊന്നാനി സർക്കാർ മാതൃശിശു ആശുപത്രിയിലാണ് ഗുരുതര ചികിത്സ പിഴവ് സംഭവിച്ചത്. യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി പാലപ്പെട്ടി സ്വദേശിയായ ഇരുപത്തിയാറുകാരി കഴിഞ്ഞ തിങ്കളാഴ്ചയാണ് മാതൃ ശിശു ആശുപത്രിയിൽ രക്തക്കുറവ് കാരണം ചികിത്സ തേടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രക്തം നൽകിയിരുന്നു. പിന്നാലെ ഇന്നലെ വൈകുന്നേരം രക്തം നൽകിയപ്പോൾ വിറയൽ അനുഭവപ്പെട്ടത്തോടെ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു.
ഡോക്ടർ എത്തിയപ്പോഴാണ് രക്തം മാറി നൽകിയത് മനസ്സിലായത്. ഒ നെഗറ്റീവ് രക്തം ഉള്ള യുവതിക്ക് ബി പോസിറ്റീവ് രക്തമാണ് നൽകിയത്. നേഴ്‌സിന് സംഭവിച്ച പിഴവാണെന്ന് ബന്ധുക്കൾ പറയുന്നു. യുവതിയെ ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ ഉള്ള യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്ത്തകര് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. വിഷയം ശ്രദ്ധയിൽപെട്ട മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.