തിരുവനന്തപുരം: ലോക്ക് ഡൗൺ കാലമാണ്. പുറത്തോട്ടൊന്നും പോകണ്ട, വീട്ടിനുള്ളിൽ തന്നെ അടച്ചിരിക്കാനാണ് എല്ലാവരോടും സർക്കാരിന്റെ ഉത്തരവ്. കൊറോണ വൈറസ് അത്രയധികം നമ്മെ ഭീതിപ്പെടുത്തുന്നുണ്ട്. കൂട്ടുകാരുടെ ഒപ്പം കറങ്ങി നടന്ന്, സിനിമ കണ്ട്, അടിച്ചുപൊളിച്ച് നടന്നവരെ സംബന്ധിച്ച് ഈ അടച്ചുപൂട്ടി ഇരുപ്പ് നൽകുന്ന ബോറടി ചെറുതല്ല. ഇപ്പോൾ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, 'സോഷ്യൽ മീഡിയ കൂടി ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ' എന്ന്.

​ഗ്രൂപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ താരം. കവിത ചൊല്ലാൻ, കഥ പറയാൻ, പരിചയപ്പെടുത്താൻ, പാചകം ചെയ്യാൻ അങ്ങനെയങ്ങനെ ദൈനംദിന ജീവിതത്തിലെ എന്തും ഏതും പങ്കുവയ്ക്കാനുള്ള ​ഗ്രൂപ്പുകൾ സോഷ്യൽ മീഡിയകളിൽ  സജീവമാണ്. ഫേസ്ബുക്കിലെ അത്തരമൊരു ഗ്രൂപ്പില്‍  ഇന്നലെ ഒരു പൊലീസ് ഓഫീസർ വന്നു പെട്ടു. വെറും പൊലീസല്ല, അമേരിക്കയിൽ കൊളറാഡോ സ്റ്റേറ്റിലെ ഒരേയൊരു ഇന്ത്യൻ-മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ.  ഒപ്പം തോക്കും പിടിച്ച് ഫുൾ യൂണിഫോമിൽ നിൽക്കുന്ന  ഒരു  കിടിലൻ ഫോട്ടോയും. നിമിഷനേരം കൊണ്ട് പ്രേം മേനോൻ എന്ന അമേരിക്കൻ മലയാളി പൊലീസ് ഓഫീസർ സോഷ്യൽ മീഡിയയിൽ വൈറലായി. പക്ഷേ എല്ലാ ​ഗ്രൂപ്പം​ഗങ്ങളുടെയും നോട്ടം പതിഞ്ഞത് അ​ദ്ദേഹത്തിന്റെ കൈവശമുള്ള തോക്കിലാണ്. ഭൂരിഭാ​ഗം പേരും ചോദിക്കുന്നത് ഒരേ ചോദ്യം, ഇത് പബ്ജിയിലെ തോക്കാണോ? എന്നാണ്. ഇത് കൊണ്ട് കൊവിഡിനെ തുരത്താൻ പറ്റുമോ എന്ന് ചോദിക്കുന്നുണ്ട് ചിലർ. അമേരിക്കൻ പൊലീസിൽ ജോലി കിട്ടാൻ എന്തുചെയ്യണമെന്നും കുടുംബത്തെക്കുറിച്ചുമാണ് മറ്റ് ചിലർക്ക് അറിയേണ്ടത്. ‌

''അമേരിക്കയിൽ 21 കൊല്ലമായി ജീവിക്കുന്നു. അമേരിക്കൻ പോലീസിൽ 16 കൊല്ലമായി ജോലി. എന്റെ സ്റ്റേറ്റിൽ (കൊളറാഡോ) ഒരേയൊരു മലയാളി- ഇന്ത്യൻ പോലീസ്‌കാരൻ. ആ റെക്കോർഡ് ഇപ്പോഴും കൈവശം ഉണ്ട്. ഒരു ഭാര്യ ( അമേരിക്കക്കാരി), രണ്ടു മക്കൾ: ആൺകുട്ടികൾ, ട്വിൻസ് 11 വയസ്സുകാർ. ഞാൻ ഒരു തിരുവനന്തപുരം മലയാളി. നാട്ടിലെ വീട് ക്ലിഫ് ഹൌസിനടുത്ത്.'' പ്രേം മേനോൻ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഇവിടെ വന്ന് എല്ലാവരെയും പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നാലഞ്ച് വർഷം കൂടുമ്പോൾ നാട്ടിൽ വരാറുണ്ടെന്നും പ്രേം മേനോൻ കമന്റിന് മറുപടി നൽകുന്നു. ഒപ്പം കുടുംബത്തിന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പ്രേം മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ പേര് : പ്രേം മേനോൻ. 44വയസ്സ്- അമേരിക്കൻ പൗരൻ. അമേരിക്കയിൽ 21 കൊല്ലമായി ജീവിക്കുന്നു. അമേരിക്കൻ പോലീസിൽ 16 കൊല്ലമായി ജോലി. എന്റെ സ്റ്റേറ്റിൽ (കൊളറാഡോ) ഒരേയൊരു മലയാളി- ഇന്ത്യൻ പോലീസ്‌കാരൻ. ആ റെക്കോർഡ് ഇപ്പോഴും കൈവശം ഉണ്ട്. ഒരു ഭാര്യ ( അമേരിക്കക്കാരി🇱🇷), രണ്ടു മക്കൾ : ആൺകുട്ടികൾ, ട്വിൻസ് 11 വയസ്സുകാർ.

ഞാൻ ഒരു തിരുവനന്തപുരം മലയാളി, നാട്ടിലെ വീട് ക്ലിഫ് ഹൌസിനടുത്തു. രാഷ്ട്രീയം ഇല്ല. നല്ലതിന് സപ്പോർട്ട് ചെയ്യും, അത് ആരായാലും എന്ത് പാർട്ടിയാണേലും - ജനങ്ങൾക്ക്‌ ഗുണം വരണം! അത് നാട്ടിലായാലും ഇവിടെയായാലും. ഈ ഗ്രൂപ്പിൽ വരാനും നിങ്ങളെയൊക്കെ പരിചയപ്പെടാനും സാധിച്ചതിനു സന്തോഷം. Wishing this group all the best.!  യൂണിഫോമിൽ ഉള്ള ഒരു ചിത്രം ഇതിനോടൊപ്പം സമർപ്പിക്കുന്നു.