ഇന്ന് രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ രാവിലെ 10.20 ന് ദില്ലിക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാത്രിയോടെയാണ് രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ ഭാരവാഹികൾ ഊഷ്മളമായി സ്വീകരിച്ചു. ഉപഹാരവും സമ്മാനിച്ച ശേഷമാണ് അവർ രാഷ്ട്രപതിയെ യാത്രയാക്കിയത്. ഇന്നലെ കൊച്ചിയിലെത്തിയ രാംനാഥ് കോവിന്ദ് ഇന്ന് രാവിലെയാണ് തലസ്ഥാനത്തെത്തിയത്. ഗ്രന്ഥശാല പ്രസ്ഥാത്തിന്‍റെ ഉപജ്ഞാതാവ് പി എൻ പണിക്കറിന്‍റെ പ്രതിമ പൂജപ്പുരയിൽ അനാവരണം ചെയ്ത ശേഷമാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്. ഇന്ന് രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 10.20 ന് ദില്ലിക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പി എൻ പണിക്കറിന്‍റെ പ്രതിമ അനാവരണം ചെയ്യവേ കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ രാഷ്ട്രപതി ഏറെ പ്രകീർത്തിച്ചിരുന്നു. കൊവിഡ് കാലത്ത് കേരളത്തിലെ ഡോക്ടർമാരും നഴ്സുമാരും വിദേശത്തുൾപ്പടെ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
രാഷ്ട്രപതി നാവിക ആസ്ഥാനത്ത്,വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൊച്ചിയിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. കണ്ണൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, മേയർ അഡ്വ. എം. അനിൽകുമാർ, കെ.ജെ മാക്സി എം.എൽ.എ., വൈസ് അഡ്മിറൽ എം.എ. ഹമ്പി ഹോളി, സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും കേരളത്തിലെത്തിയിട്ടുണ്ട്
