രാജ്ഭവനിൽ താമസിക്കുന്ന രാഷ്ട്രപതി നാളെ രാവിലെ 11.30 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: രാജ്യത്തിന്റെ പ്രഥമ പൗരൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാത്രി 8.40 നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ രാഷ്ട്രപതിക്കും സംഘത്തിനും സ്വീകരണം നൽകി.

Add Asianetnews as a Preferred SourcegooglePreferred

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയി, ദക്ഷിണ വ്യോമ സേന എ ഒ കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ജെ ചലപതി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മിഷണർ ജി സ്പർജൻ കുമാർ, ജില്ലാ കളക്ടർ ഡോ നവ്ജ്യോത് ഖോസ എന്നിവർ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തി.

രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും ഉണ്ട്. രാജ്ഭവനിൽ താമസിക്കുന്ന രാഷ്ട്രപതി നാളെ രാവിലെ 11.30 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് രാജ്ഭവനിലേക്ക് മടങ്ങും. അവിടെ നിന്ന് അദ്ദേഹം വൈകിട്ട് 5.20 ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകും. പിന്നീട് വ്യോമസേന വിമാനത്തിൽ പുണെയിലേക്കു മടങ്ങും.